cpim state meet
സി പി എം നേതൃയോഗങ്ങള്‍ ഇന്നും നാളെയും
പുതിയ ഭാരവാഹികള്‍ക്ക് സംഘടനാ ചുമതല വീതിച്ച് നല്‍കല്‍ പ്രധാന അജന്‍ഡ
തിരുവനന്തപുരം | പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ വീതിച്ച് നല്‍കുന്നതിനായി സി പി എം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് നടക്കുക. എല്‍ ഡി എഫ് കണ്‍വീനര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ദേശാഭിമാനിയുടെ ചുമതല, എ കെ ജി പഠനഗവേഷണ കേന്ദ്രം, സി ഐ ടി യു, ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങിയ വര്‍ഗ ബഹുജന സംഘടനകളുടെ ചുമതലയും ആര്‍ക്കാണെന്നത് തീരുമാനമാകും.
എ വിജയാരഘവന്‍ പാര്‍ട്ടിപോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എല്‍ ഡി എഫ് കണ്‍വീനറായി ആര് എന്നതില്‍ ഇന്ന് തീരുമാനമാകും. ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. ഇ പി ജയരാജനാണ് മുന്‍തൂക്കമെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂര്‍ ജില്ലക്കാരായതിനാല്‍ ജില്ലക്ക് പുറത്തുള്ള ഒരാളെ പരിഗണിച്ചാല്‍ എ കെ ബാലന് സ്ഥാനം ലഭിക്കും.
നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാന സമിതിയിലേക്ക് തിരിച്ചെത്തിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. സ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുത്തലത്ത് ദിനേശനെ ഈ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പുത്തലത്തിന് ചിന്ത വാരികയുടെ ചുമതല ലഭിച്ചേക്കുമെന്നാണ് വിവരം.
ദേശാഭിമാനിയുടേയും എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും തലപ്പത്ത് പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രന്‍പിള്ള എത്തുമെന്നാണ് അറിയുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് സെക്രട്ടേറിയറ്റിന്റേയും സംസ്ഥാനസമിതിയുടേയും മറ്റ് അജന്‍ഡകള്‍.