Kerala
സി പി എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍
കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) യാണ് കൊലപ്പെടുത്തിയത്.
കോഴിക്കോട് | സി പി എം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10ഓടെ പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം.
ശരീരത്തില്‍ മഴുകൊണ്ടുള്ള നാലിലധികം വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ ആരാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി ഐ. മെല്വിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സംഭവമറിഞ്ഞ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാത്രി വൈകിയും ആശുപത്രിയിലേക്ക് ഒഴുകുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഘത്തെ കൊയിലാണ്ടിയിലും പരിസരങ്ങളിലും നിയോഗിച്ചിട്ടുണ്ട്.
ലതികയാണ് ഭാര്യ. മക്കള്‍: സലില്‍ നാഥ്, സലിന. സഹോദരങ്ങള്‍: വിജയന്, രഘുനാഥ്, സുനില്‍.
ഹര്‍ത്താലിന് ആഹ്വാനം
സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.