Kerala
സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കും കെ കെ ശൈലജക്കും പ്രശംസ; ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശം
മന്ത്രി മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട്

കൊല്ലം | മുഖ്യമന്ത്രി പിണറായി വിജയന്റേത് മികച്ച പ്രകടനമെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. അതേ സമയം തുടര്‍ഭരണത്തിന്റെ മോശം പ്രവണതകള്‍ പാര്‍ട്ടിയെ ബാധിക്കാന്‍ പാടില്ലെന്നും ബംഗാള്‍ പാഠം ആകണമെന്ന ഓര്‍മപ്പെടുത്തലുംസംഘടനാ റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി അധികാര കേന്ദ്രമാണെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നും നിര്‍ദേശം.
അതേ സമയം രണ്ടാം പിണറായി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നേതാക്കള്‍ നടത്തുന്ന ഇടപെടല്‍ വിശകലനം ചെയ്യുന്ന ഭാഗത്താണ് മുഖ്യമന്ത്രിക്ക് പ്രശംസ. പി ബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ പാര്‍ട്ടി കേന്ദ്രത്തെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പിണറായി വിജയന്‍ എകെജി സെന്ററില്‍ വരാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രി മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട് പറഞ്ഞു വെയ്ക്കുന്നു. കെകെ ശൈലജയെയും പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്
കെ എന്‍ ബാലഗോപാല്‍, പി രാജീവ് അടക്കമുള്ളവരുടെ പാര്‍ലമെന്ററി സംഘടനാ പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. പി രാജീവ് എറണാകുളം ജില്ലാ കമ്മിറ്റിയെ സംഘടനാ രംഗത്ത് സഹായിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. .തോമസ് ഐസക്കും എം സ്വരാജും അവൈലവബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.