National
സി പി എം പാർട്ടി കോൺഗ്രസ്സിന് ഇന്ന് മധുരയിൽ തുടക്കം
പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും • നാളത്തെ സെമിനാറിൽ പിണറായി പങ്കെടുക്കും

മധുര | സി പി എം 24ാം പാർട്ടി കോൺഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയിൽ ഇന്ന് തുടക്കമാകും. രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. 10.30ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷത വഹിക്കും. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ളവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
നാളെ വൈകിട്ട് അഞ്ചിന് “ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസാരിക്കും. ആറിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ്സിന് സമാപനമാകും.
കേരളത്തിൽ നിന്നുള്ള 175 പേരടക്കം 819 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഒപ്പം അടുത്ത മൂന്ന് വർഷത്തേക്കുള്ള പാർട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. അശോക് ധാവളെയുടേത് ഉൾപ്പെടെയുള്ള പേരുകൾ ഉയരുന്നുണ്ടെങ്കിലും എം എ ബേബിക്കാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്നത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പി ബി കോഡിനേറ്ററായി പ്രവർത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറിയാകാനും സാധ്യതയുണ്ട്. പിണറായി വിജയന് അനുവദിച്ച പ്രായപരിധിയിളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നത് നിർണായകമാകും. എം എ ബേബി ജനറൽ സെക്രട്ടറിയായാൽ ഇ എം എസിന് ശേഷം മലയാളി സി പി എമ്മിന്റെ ഉന്നത ശ്രേണിയിൽ വീണ്ടും വരുന്നത് ചരിത്രത്തിന്റെ ഭാഗമാകും. ബൃന്ദാ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ പി ബിയിൽ തുടരുമോ എന്നതും പ്രധാനമാണ്. കേരളത്തിൽ നിന്ന് ആരൊക്കെ പി ബിയിലുണ്ടാകും എന്നതിനെ കുറിച്ചും ചർച്ച തുടങ്ങിയിട്ടുണ്ട്.
എം പിയും സംഘടനാശക്തിയുമുള്ള മധുരയിൽ പാർട്ടി കോൺഗ്രസ്സ് നടത്തുമ്പോൾ സി പി എം ലക്ഷ്യമിടുന്നത് തമിഴ്നാട്ടിൽ കരുത്താർജിക്കുക എന്നത് കൂടിയാണ്. സ്റ്റാലിനുമായുള്ള ഐക്യവും സമ്മേളന ആവേശവും ഉപയോഗിച്ച് പാർട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്താനാകുമെന്നാണ് തമിഴ്നാട് ഘടകത്തിന്റെ വിലയിരുത്തൽ. പാർട്ടി കോൺഗ്രസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു. ബി ജെ പി യെ എങ്ങനെ നേരിടാം എന്നതാണ് പാർട്ടി കോൺഗ്രസ്സിലെ പ്രധാന ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.