National
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി
മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് 24മത് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്.

മധുര | സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് 24മത് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. 10.30ന് പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 811 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎംല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടും, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പി ബി അംഗം ബി വി രാഘവലു ആണ് സംഘടന രേഖ അവതരിപ്പിക്കുക.
ഉച്ചയ്ക്കുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കണമോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.എം എ ബേബി അടക്കമുള്ളവരുടെ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് 9 മന്ത്രിമാര്‍ എന്നിവര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഈ മാസം ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും.