From the print
സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സ് മധുരയില്‍;സംസ്ഥാന സമ്മേളനം കൊല്ലത്ത്
ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍

തിരുവനന്തപുരം | സി പി എം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് 2025 ഏപ്രില്‍ ആദ്യവാരം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് നടത്താന്‍ തീരുമാനിച്ചതായും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്തംബര്‍, ഒക്‌ടോബര്‍ മാസത്തിലും ഏരിയാ സമ്മേളനം നവംബറിലും നടക്കും. തുടര്‍ന്ന് ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൂര്‍ത്തിയാക്കിയാണ് ഫെബ്രുവരിയില്‍ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുക.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി എം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്‍കിയതായും എം വി ഗോവിന്ദന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. അതേസമയം, വയനാട് ദുരിത ബാധിതര്‍ക്കായി പാര്‍ട്ടി ഫണ്ട് പിരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ നടത്തും. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളും വയനാടിന് വേണ്ടി കൈകോര്‍ക്കും. പല സംസ്ഥാനങ്ങളിലെ നേതാക്കളും ഇതിനകം സഹായ സന്നദ്ധത അറിയിച്ചതായി എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസും ബി ജെ പിയും ശുദ്ധകളവ് പ്രചരിപ്പിക്കുകയാണ്. മനുഷ്യത്വമില്ലാതെ കേവലം സങ്കുചിത രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. നടി നിഖിലാ വിമല്‍ ഡി വൈ എഫ് ഐ കലക്ഷന്‍ സെന്ററിലെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഫോട്ടോ ആര്‍ എസ് എസ് ക്യാമ്പിലെത്തി എന്ന തരത്തിലാണ് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.