National
ഫലസ്തീനിന് ഐക്യദാര്‍ഢ്യവുമായി സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സ്; കഫിയ അണിഞ്ഞെത്തി നേതാക്കള്‍
ഡൗണ്‍ ഡൗണ്‍ സയണിസം എന്ന മുദ്രാവാക്യവുമായി പ്രതിനിധികൾ

മധുര | മധുരയില്‍ പുരോഗമിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിനിധികള്‍. കഫിയ അണിഞ്ഞായിരുന്നു പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിയത്.
തുടര്‍ന്ന് ഫലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിച്ചു. ഡൗണ്‍ ഡൗണ്‍ സയണിസം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യം പങ്കുവെച്ചത്.
കേരള സര്‍ക്കാറിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേരള സര്‍ക്കാറിന്റെ നേട്ടങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. സംസ്ഥാന സര്‍ക്കാറിന് വേണ്ടി പ്രതിരോധം തീര്‍ക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം രണ്ടിനാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പോളിറ്റ് ബ്യൂറോ കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 80 നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം ആറിന് സമാപിക്കും.