Kannur
സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്: വിശാല മതേതര സഖ്യം ഊട്ടി വളര്‍ത്തും; സമരത്തിലൂടെ ശക്തി വര്‍ധിപ്പിക്കും
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുന്ന മതേതര സഖ്യത്തെക്കുറിച്ചാണു പാര്‍ട്ടി പറയുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് മതേതര സഖ്യം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്ന അവസ്ഥയുണ്ടാവുമെന്ന ആശങ്കയും ശക്തമാണ്. അതിനാല്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തിനു കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് സുപ്രധാനമായിരിക്കും.
കണ്ണൂര്‍ | ബിജെപിക്കെതിരെ വിശാല മതേതര സഖ്യം രൂപപ്പെടുത്തുന്നതിനുള്ള തന്ത്രത്തിന് കണ്ണൂരില്‍ ആരംഭിച്ച സി പി എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കും. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സുപ്രധാന ലക്ഷ്യം മുന്നോട്ടു വച്ചിരുന്നു. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാന്‍ വിശാല മതേതര സഖ്യം വേണമെന്നാണു പാര്‍ട്ടി കാണുന്നത്.
മതേതര ഐക്യത്തിലൂടെ മാത്രമേ ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നകാര്യം മതേതര ചേരി തിരിച്ചറിയണമെന്നാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയത്.
കോണ്‍ഗ്രസ്സുമായുള്ള നേരിട്ടുള്ള സഖ്യം ഇടതു പക്ഷ രാഷ്ട്രീയത്തിനു തിരിച്ചടിയാവും എന്നു പാര്‍ട്ടി കാണുന്നു. കോണ്‍ഗ്രസ്സുകൂടി ചേരുന്ന തരത്തില്‍ വിശാല മതേതര സഖ്യം രൂപപ്പെടുത്തുകയാണു വേണ്ടത്. വിവിധ താല്‍പര്യങ്ങളുടെ പേരില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ബി ജെ പിക്കു ഗുണകരമാവുന്നത്. ഈ അവസ്ഥക്കു പരിഹാരമുണ്ടാവണമെങ്കില്‍ ഇടതുപക്ഷത്തിനു ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയണം. പാര്‍ലിമെന്റില്‍ നിര്‍ണായക സ്വാധീനം ഉണ്ടെങ്കില്‍ മാത്രമേ ഇടതുപക്ഷത്തിന് രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ കേരളത്തില്‍ നിന്നു തന്നെ പരമാവധി സീറ്റുകള്‍ നേടണം.
ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിക്കു തിരിച്ചു വരാന്‍ കഴിയുമെന്നാണു പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ബംഗാളില്‍ ബി ജെ പി – തൃണമൂല്‍ പോരാട്ടമായി തിരഞ്ഞെടുപ്പു മാറിയപ്പോള്‍ തൃണമൂല്‍ വിരോധത്തില്‍ ഊന്നിയുള്ള പ്രചാരണം പാര്‍ട്ടിക്ക് തിരിച്ചടിയായി എന്നും പാര്‍ട്ടി കാണുന്നു. ത്രിപുരയില്‍ സി പി എമ്മിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയ ബി ജെ പി തന്ത്രത്തെ മറികടക്കാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടു വരുന്നതായി പാര്‍ട്ടി കാണുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും കൊടിയ അക്രമത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ എന്തെന്നു പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുന്ന മതേതര സഖ്യത്തെക്കുറിച്ചാണു പാര്‍ട്ടി പറയുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് മതേതര സഖ്യം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്ന അവസ്ഥയുണ്ടാവുമെന്ന ആശങ്കയും ശക്തമാണ്. അതിനാല്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തിനു കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് സുപ്രധാനമായിരിക്കും.
മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മയില്‍ കോണ്‍ഗ്രസിനോട് സി പി എം സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈന്‍ എന്തായിരിക്കണമെന്നതില്‍ കേരളത്തിന്റെ നിലപാട് ശ്രദ്ധേയമാക്കും. പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വളര്‍ത്തണമെന്നതാണു പാര്‍ട്ടിക്കു മുന്നിലുള്ള പ്രധാന വിഷയം. ബഹുജന സമരങ്ങളിലൂടെ സ്വാധീനം ശക്തിപ്പെടുത്തുന്നതില്‍ വന്നിട്ടുള്ള പിഴവുകള്‍ തിരുത്തുന്നതിനും പാര്‍ട്ടി കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കും.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷക സമരം വിജയം കണ്ട സാഹചര്യത്തില്‍ അത്തരം സമര മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ, സംഘടനാ ചര്‍ച്ചകള്‍ക്കുതന്നെയാവും പാര്‍ട്ടി കോണ്‍ഗ്രസ് കൂടുതല്‍ സമയം ചെലവഴിക്കുക. ഇടതുപക്ഷ ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടികളുമായി യോജിച്ചു കര്‍ഷക പ്രക്ഷോഭത്തെ മാതൃകയാക്കി സംയുക്ത സമരവേദികള്‍ ആരംഭിക്കുന്ന തരത്തിലാണു ചര്‍ച്ചകള്‍ നടക്കുക.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം പാര്‍ട്ടിക്കു ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണുണ്ടായത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തിലെ പാര്‍ട്ടി അംഗങ്ങള്‍ 4,63,472ല്‍നിന്നു 5,27,174 ആയി വര്‍ധിച്ചു. പശ്ചിമ ബംഗാളില്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി. ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോഴുള്ളത് 50,612 പേര്‍. അസം, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ചത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.