Connect with us

National

ഇനി എം എ ബേബി നയിക്കും; ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കള്‍

പോളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം

Published

|

Last Updated

മധുര | സി പി എം പോളിറ്റ് ബ്യൂറോ പാനലിന് ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകാരം. ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. പി ബിയിലേക്ക് കേരളത്തിൽ നിന്ന് പുതുമുഖങ്ങളില്ല. 84 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയാണ് നിലവില്‍ വന്നത്. 15 പേർ വനിതാ പ്രതിനിധികളാണ്. കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സി പി എം പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി.

എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരെ കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്തു. ഇതോടെ കേന്ദ്ര കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി.  പതിവ് തെറ്റിച്ച് പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കരാഡ് തൊഴിലാളി വര്‍ഗ സമരത്തിന്റെ നേതൃ മുഖം കൂടിയാണ്.

കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പുറമെ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ് രാമചന്ദ്ര പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി തിരഞ്ഞെടുത്തു.

 

Latest