Connect with us

Kerala

അന്‍വറിനെതിരെ മലപ്പുറത്തും കോഴിക്കോട്ടും സി പി എം പ്രതിഷേധം

മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും കോഴിക്കോട് നഗരത്തിലുമാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

Published

|

Last Updated

മലപ്പുറം/കോഴിക്കോട് | പി വി അന്‍വര്‍ എം എല്‍ എക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സി പി എം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും കോഴിക്കോട് നഗരത്തിലുമാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

മലപ്പുറത്ത് അന്‍വറിന്റെ തട്ടകമായ നിലമ്പൂരിലും എടക്കരയിലും സി പി എമ്മിന്റെ കൂറ്റന്‍ പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. സംസ്ഥാന വ്യാപകമായി ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുള്ള പ്രതിഷേധത്തില്‍ വന്‍ ജനാവലിയാണ് അണിനിരന്നത്.

നിലമ്പൂരില്‍ അന്‍വറിന്റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. മലപ്പുറത്ത് സി പി എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയില്‍ എടവണ്ണ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ വന്‍ ജനാവലി പങ്കെടുത്തു.

അന്‍വറുമായി അടുത്ത ബന്ധമുള്ള പ്രവര്‍ത്തകരും പ്രകടനങ്ങളില്‍ പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണില്‍ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. അന്‍വറിന്റെ വീട് സ്ഥിതി ചെയ്യുന്ന എടവണ്ണ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തില്‍ ഭീഷണിയോടെയുള്ള മുദ്രാവാക്യം ഉയര്‍ന്നു. അന്‍വറിന്റെ തട്ടകത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അന്‍വറിനെതിരെ അണിനിരന്നത്. മലപ്പുറത്തും പി വി അന്‍വറിന്റെ കോലം കത്തിച്ചു.

അതേസമയം, പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തന്റെ ഒപ്പമാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.

 

Latest