Connect with us

Kerala

തട്ടം പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെ തള്ളി സിപിഎം; വസ്ത്രധാരണം ജനാധിപത്യ അവകാശം

അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Published

|

Last Updated

കണ്ണൂര്‍ |  തട്ടം പരാമര്‍ശത്തില്‍ അഡ്വ. കെ അനില്‍കുമാറിനെ തള്ളി സിപിഎം.കെ അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഹിജാബ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് വിഷയം ഉയര്‍ന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് പാര്‍ട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. ഹിജാബ് പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിര്‍ദേശം നല്‍കാനും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്.

ഇത്തരത്തിലുള്ള ഒരു പരമാര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

 

Latest