cpm state committee
സി പി എം സംസ്ഥാന സമിതി യോഗം ഇന്ന്; രാജ്യസഭ സീറ്റ് ചര്‍ച്ചായകും
രണ്ട് സീറ്റും സി പി എം ഏറ്റെടുത്തേക്കും; എ എ റഹീമടക്കം നിരവധി പേരുകള്‍ പരിഗണനയില്‍
തിരുവനന്തപുരം | സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സി പി എമ്മിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന് ചേരും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് പ്രമേയത്തിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. എന്നാല്‍ കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകള്‍ സംബന്ധിച്ചും ചര്‍ച്ചയാകും.
മൂന്നില്‍ രണ്ട് സീറ്റ് എല്‍ ഡി എഫിന് വിജയമുറപ്പുള്ളതാണ്. രാജ്യസഭയില്‍ ശക്തിവര്‍ധിപ്പിക്കാന്‍ അംഗബലം ഉയര്‍ത്തണമെന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലും സ്വന്തം പ്രതിനിധികളെ നിയോഗിക്കാനാണ് സി പി എം നീക്കം. എന്നാല്‍ സി പി ഐയും എല്‍ ജെ ഡിയും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. രണ്ട് സീറ്റുകള്‍ ഒഴിഴ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സി പി എം നേരത്ത പറഞ്ഞതാണന്നാണ് സി പി ഐ പറയുന്നത്. ശ്രേയാംസ്‌കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വരുന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്നാണ് എല്‍ ജെ ഡി പറയുന്നത്. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് സി പി എം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഘടകകക്ഷികളുടെ ആവശ്യത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നാണ് സി പി എം തീരുമാനം. രണ്ട് സീറ്റും സമ്മര്‍ദത്തിലൂടെ നേടിയെടുക്കാനാണ് സി പി എം പദ്ധതി.
രണ്ട് സീറ്റില്‍ മത്സരിപ്പിക്കാനായി പരിഗണിക്കപ്പെടുന്നവരുടെ പേര് വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുന്‍മന്ത്രി തോമസ് ഐസക്, ഡല്‍ഹിയിലെ കര്‍ഷക സമരനേതാവ് വിജു കൃഷ്ണന്‍, കിസാന്‍സഭ നേതാവായ കൃഷ്ണപ്രസാദ് തുടങ്ങിയവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായാണ് വിവരം.