Connect with us

Kerala

സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം; ചെങ്കടലായി കൊല്ലം

കാല്‍ ലക്ഷം ചുവപ്പ് വൊളണ്ടിയര്‍മാര്‍ അണിനിരന്ന് പരേഡ് മൈതാനിയില്‍ പ്രവേശിച്ചു.

Published

|

Last Updated

കൊല്ലം | സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള റാലിക്ക് ആശ്രാമം മൈതാനത്ത് തുടക്കം. കാല്‍ ലക്ഷം ചുവപ്പ് വൊളണ്ടിയര്‍മാര്‍ അണിനിരന്ന് പരേഡ് മൈതാനിയില്‍ പ്രവേശിച്ചു.

തുറന്ന വാഹനത്തില്‍ സി പി എം ദേശീയ കോ ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിയായ വീണ്ടും തിരഞ്ഞെടുത്ത എം വി ഗോവിന്ദന്‍ എന്നിവരും മറ്റൊരു വാഹനത്തില്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ എ വിജയരാഘവന്‍, എം എ ബേബി എന്നിവരും നീങ്ങി.

തുടര്‍ന്ന് സംസ്ഥാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സമ്മേളന പ്രതിനിധികള്‍ എന്നിവരും ചെങ്കൊടി ഏന്തി അണിനിരന്നു. ഇതോടെ കൊല്ലം ചെങ്കടലായി മാറി.
കൊല്ലം ജില്ല കേന്ദ്രീകരിച്ചാണ് പരേഡും റാലിയും നിശ്ചയിച്ചതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനാവലിയാണ് സമ്മേളന നഗരിയില്‍ എത്തിയത്.

തുടര്‍ന്ന് പ്രകാശ് കാരാട്ട്, എം വി ഗോവിന്ദന്‍ എന്നിവര്‍ ചുവപ്പ് സേനയുടെ അഭിവാന്ദ്യം സ്വീകരിച്ചു.

എം വി ഗോവിന്ദന്‍ (അധ്യക്ഷ പ്രസംഗം)
ലോകമാകെ അതിതീവ്ര വലതുപക്ഷ ശക്തികള്‍ക്ക് മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കെ അതിനെതിരായി പൊരുതാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

നികുതി മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ അഹന്തയെ അതേ നാണയത്തില്‍ നേരിടാന്‍ ചൈന തയ്യാറാവുന്ന പശ്ചാത്തലം സോഷ്യലിസമാണ് ഭാവിയെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോവാന്‍ കരുത്തുപകരുന്നു. ശ്രീലങ്കയും നേപ്പാളും ഇടതുപക്ഷത്ത് അണിനിരക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളും സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളും മുന്നോട്ടുപോകുന്നു. ഇന്ത്യയില്‍ ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുരാഷ്ട്രം പണിയാനുള്ള നീക്കങ്ങള്‍ തകര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് സുപ്രധാനമാണ്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. യെച്ചൂരി അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് തന്നെ പറഞ്ഞു ഇന്ത്യാ സഖ്യത്തിന്റെ ശില്‍പ്പിയാണ് അന്തരിച്ചതെന്ന്. ബി ജെ പിയെ തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ ദുര്‍ബലമായിരുന്നു. അവരുടെ മൃദു ഹിന്ദുത്വ നിലപാടുമൂലം ബി ജെ പിക്ക് ബദലാണ് കോണ്‍ഗ്രസ് എന്നു പറയാന്‍ കഴിയുന്നില്ല.

കേരളത്തില്‍ ബി ജെ പിയുടെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യശത്രു സി പി എം. സംഘപരിവാരത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും എല്ലാം മുഖ്യ ശത്രു സി പി എം. അസത്യ പ്രചാരണങ്ങള്‍കൊണ്ട് സി പി എമ്മിനെ നേരിടാന്‍ ശ്രമിക്കുന്നു. മുസ്്‌ലിം ലീഗ് വര്‍ഗീയ ശക്തികളുമായി സഖ്യം ചേരുന്നു. കോണ്‍ഗ്രസ് അതിന്റെ ഗുണഭോക്താവുന്നു. കൃസ്ത്യന്‍ മേഖലയില്‍ കാസ സംഘടിക്കുന്നു. ആര്‍ എസ് എസ് അതിനു പിന്നില്‍. എല്ലാ വര്‍ഗീയ ശക്തികളും ചേര്‍ന്നു മുന്നോട്ടുപോകുന്ന സാഹചര്യം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജമാഅത്തെ ഇസ്്‌ലാമിയും എസ് ഡി പി ഐയും വളരെ ചെറിയ വിഭാഗമാണ്. എന്നാല്‍ ലീഗ് അവരുമായി സഖ്യം ചേരുന്നത് മതനിരപേക്ഷതക്ക് ആഘാതമേല്‍പ്പിക്കും.

ഇടതു മുന്നണിസര്‍ക്കാര്‍ ഇല്ലായിരുന്നെങ്കിലും കേരളം ഈ രീതിയില്‍ മുന്നോട്ടു പോവില്ലായിരുന്നു. ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിക്കുന്ന പ്രതിപക്ഷമാണുള്ളത്. കേന്ദ്രത്തിനെതിരായി കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല. ഇടതു സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ദേശീയ പാത വികസനം പോലും സാധിക്കില്ലായിരുന്നു. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ വികസനക്കുതിപ്പിനു വഴിയൊരുക്കി. പിന്നാക്കം ആണെങ്കില്‍ പണം തരാമെന്നാണ് കേന്ദ്രമന്ത്രിപറയുന്നത്. അടുത്ത കേരളപ്പിറവിദിനത്തില്‍ കേരളം അതിദരിദ്രരില്ലാത്ത കേരളമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് കാരാട്ട് (ഉദ്ഘാടന പ്രസംഗം)

പാര്‍ട്ടിയുടെ 24 ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുന്നതിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ഭാവിയിലെ ഏതുവെല്ലുവിളിയും നേരിടാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രീയവും സംഘടനാപരവുമായി കരുത്തുറ്റതാണെന്നു സമ്മേളനം തെളിയിച്ചു.

സീതാരാം യെച്ചൂരിയുടേയും കോടിയേരിയുടേയും നഷ്ടം വളരെ വലുതാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ നയിക്കാന്‍ കഴിഞ്ഞു. നവ ഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധി ഉയര്‍ത്തി രാജ്യത്തു നടന്ന എല്ലാ പ്രക്ഷോഭങ്ങളേയും പിന്തുണക്കാന്‍ കഴിഞ്ഞു. ഹിന്ദുത്വ ശക്തികള്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുന്നതിനെതിരായ പ്രതിരോധവും നാം ശക്തിപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ക്കെതിരായി തീവ്രവലതുപക്ഷം കടുത്ത കടന്നാക്രമങ്ങള്‍ നടത്തുമ്പോള്‍ ശക്തമായ പ്രതിരോധം ഉയര്‍ത്തി. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമങ്ങള്‍ക്കെതിരായി പ്രതിരോധം ഉയര്‍ത്തി. മത നിരപേക്ഷ ശക്തികളുടെ ഐക്യം വിപുലപ്പെടുത്താന്‍ നമുക്കു കഴിഞ്ഞു. ഇന്ത്യാ ബ്ലോക്ക് രൂപീകരിക്കുന്നതില്‍ നാം മുഖ്യ പങ്കു വഹിച്ചു. ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഹിന്ദുത്വ അജണ്ട ശക്തപ്രാപിച്ചു മുന്നോട്ടു പോവുകയാണ്. ബി ജെ പി അമിതാധികാര പ്രവണതകള്‍ ശക്തമാക്കി മിന്നോട്ടു പോവുകയാണ്. ഹിന്ദുത്വ അക്രമണോത്സുക പ്രത്യയ ശാസ്ത്രത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കേണ്ടതുണ്ട്.

മോദി സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടു കൂടുതല്‍ വിധേയത്വം കാണിക്കുന്നു. ഇന്ത്യയുടെ കയറ്റുമതിക്ക് പുതിയ തീരുവ ചുമത്തുമ്പോള്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നു. അമേരിക്ക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നീക്കം നടത്തുമ്പോള്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്.

ഈ ദേശീയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി സി പി എമ്മിനെ സംബന്ധിച്ച് ഏറ്റവും കരുത്തുറ്റ പാര്‍ട്ടിയാണ്. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കുന്നതിലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതിലും സുപ്രധാന പങ്കു വഹിക്കുന്നു.

രണ്ടാം തവണ ഭരണത്തിലെത്തിയതോടെ കേരള സര്‍ക്കാറിനെ വരിഞ്ഞു മുറുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. പാര്‍ട്ടി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരുസംസ്ഥാനത്തെ ജനതയോട് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ചരിത്രത്തില്‍ കാണാനാവില്ല.

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കേന്ദ്രത്തില്‍ നിന്നുകനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ കേരളത്തിലെ പ്രതിപക്ഷം ബി ജെ പിയുമായി കൈകോര്‍ക്കാനാണ് ശ്രമിക്കുന്നു. കേന്ദ്ര അവഗണനക്കെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു. ഇത്തരം നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരും. ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നുണ്ട്. അധാര്‍മികമായ സമീപനം ബി ജെ പിക്കൊപ്പം ചേര്‍ന്നു സ്വീകരിക്കുന്നതിനെ ജനങ്ങള്‍ തിരിച്ചറിയും. കൊല്ലം സമ്മേളനം ഉയര്‍ത്തിയ നവകേരളത്തിനായുള്ള സന്ദേശം ജനങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ (മുഖ്യപ്രഭാഷണം)

സി പി എമ്മിന്റെ ജനപിന്തുണ വര്‍ധിപ്പിക്കാനാവശ്യമായ സുപ്രധാന തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കാഴ്ചപ്പാട് സംബന്ധിച്ച് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖ ഇടതുമുന്നണി അംഗീകരിച്ച് അതു പ്രകാരമാണ് മുന്നോട്ടു പോയത്. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. സംസ്ഥാനത്തിന്റെ വിഭവ ശേഷിയില്‍ ഒരു ഭാഗം കേന്ദ്രം നല്‍കേണ്ടതാണ്.

മറ്റൊരു ഭാഗം സംസ്ഥാനം വായ്പയിലൂടെ സമാഹരിക്കുന്നതാണ്. ഈ രണ്ടു മേഖലയില്‍ കേന്ദ്രം തടസ്സം സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഒരു ന്യായവുമില്ലാതെ വെട്ടിക്കുറയ്ക്കുന്ന നില കേന്ദ്രം സ്വീകരിച്ചു. ഒരു സംസ്ഥാനമെന്ന നിലയിലുള്ള തനതു വരുമാനം വര്‍ഷംതോറും വര്‍ധിച്ചു. മൂന്നു വര്‍ഷത്തെ അനുഭവം സംസ്ഥാന സമ്മേളനം വിലയിരുത്തി നവകേരള സൃഷ്ടിക്കുള്ള യാത്ര ശരിയായ ദിശയിലാണെന്നു സമ്മേളനം വിലയിരുത്തി. നവകേരള സൃഷ്ടിക്കായുള്ള പുതു വഴികള്‍ നാം സ്വീകരിക്കേണ്ടതുണ്ടെന്നും കണ്ടു.

ഇതിനുള്ള സഹായം കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ടതാണ്. എന്നാല്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. വയനാട് ദുരന്തത്തില്‍ പോലും കേന്ദ്രത്തിന്റെ നിലപാട് എല്ലാവര്‍ക്കും അറിയാം. ദുരന്തം നേരിട്ട എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭിച്ചു. നമുക്കുമാത്രം ഒന്നുമില്ല.

ഈ ക്രൂരമായ വിവേചനത്തിനുമാത്രം എന്തു പാതകമാണ് നാം ചെയ്തത് ? കേരളം ഇന്ത്യാരാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ ഏറെ നല്‍കി. പലകാര്യങ്ങളിലും നമ്പര്‍ വണ്‍ ആണെന്ന് കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ തന്നെ രേഖപ്പെടുത്തുന്നു. എന്നിട്ടും ക്രൂരമായ അവഗണന. ഒരു കേരള വിരുദ്ധ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നു. ഒരു സര്‍ക്കാറില്‍ നിന്ന് ഇതുണ്ടാവാന്‍ പാടില്ല. ഇതു ബി ജെ പിയുടെ മനോഭാവമാണ്. അതിന് അടിസ്ഥാനം കേരളം ബി ജെ പിയെ അകറ്റിനിര്‍ത്തുന്നു എന്നതാണ്. അവരുടെ നിരാശക്ക് കേരളത്തിലെ ജനങ്ങളെ ശത്രുക്കളായി കണ്ടുള്ള നിലപാട് സ്വീകരിക്കാന്‍ പാടില്ല.

പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് എന്താണ്. എല്ലാ ഘട്ടത്തിലും കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കുന്നു. കേരളത്തെ എങ്ങനെ കുറ്റപ്പെടുത്താമെന്നു നോക്കുന്നു. നാടിന്റെ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ കേന്ദ്രത്തെ അനുകൂലിക്കാന്‍ വ്യഗ്രത കാണിക്കുന്നു. നാടിന്റെ താല്‍പര്യം ഹനിക്കുമ്പോഴും കേന്ദ്രത്തിന്റെ തെറ്റായ സമീപനങ്ങളെ തുറന്നു കാണിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ഉള്ള വിരോധം നമുക്കു മനസ്സിലാക്കാം. എന്നാല്‍ മാധ്യമങ്ങള്‍ക്കുള്ള വിരോധം എന്തിനെന്നു മനസ്സിലാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ സഹായമില്ലെങ്കില്‍ നാട് മുന്നോട്ടു പോകേണ്ട എന്ന നിലപാട് നമുക്ക് സ്വീകരിക്കാന്‍ കഴിയില്ല. മുമ്പ് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ കേന്ദ്രം അവഗണിച്ചപ്പോഴെല്ലാം അതിജീവിക്കാനും പുനര്‍നിര്‍മിക്കാനും നമ്മള്‍ സ്വീകരിച്ച വഴിയുണ്ട്. കേരളത്തിന് അങ്ങനെ ഒരു പ്രത്യേകതയുണ്ട്. കേരളത്തിന്റെ അസാമാന്യമായ ശേഷി ജനങ്ങളുടെ കരുത്താണ്.

ഇനിയും മുന്നോട്ടു പോകാന്‍ വിഭവ സമാഹരണം ആവശ്യമാണ്. എന്തോ ചെയ്യാന്‍ പറ്റാത്തത് ചെയ്യാന്‍ പോകുന്നു എന്നാണ് പ്രചാരണം. നാടിന്റെ താല്‍പര്യം ബലികൊടുക്കാതെ നിക്ഷേപം സ്വീകരിക്കും. നാടിന്റെ താല്‍പര്യം ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. നേരത്തെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഭൗതിക സാഹചര്യം അനുകൂലമായിരുന്നില്ല. കേരളം ഏറെ മാറിയെന്ന് ലോകം അംഗീകരിക്കുന്നു. കേരളത്തിന്റെ വളര്‍ച്ച അംഗീകരിക്കപ്പെടുന്നു. അതാണ് നിക്ഷേപക സംഗമത്തില്‍ കണ്ടത്. കേരളത്തില്‍ നിക്ഷേപങ്ങള്‍ വരാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നു. നിക്ഷേപ സൗഹൃദത്തില്‍ കേരളം ഒന്നാം നമ്പര്‍ ആയിരിക്കുന്നു. അതിന്റെ ഭാഗമായി നിക്ഷേപകര്‍ എത്തുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടിയില്‍ അധികം നിക്ഷേപവാഗ്ദാനങ്ങള്‍ ഉണ്ടാവുന്നു. ഇതു മുന്നോട്ടു കൊണ്ടുപോയാല്‍ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാകും. വലിയതോതില്‍ തൊഴില്‍ സാധ്യതകള്‍ വരും. യുവാക്കളില്‍ വിദ്യാര്‍ഥികളില്‍ നൈപുണ്യ ശേഷി വര്‍ധിക്കും. ആവശ്യമുള്ള നൈപുണ്യം ഉള്ളവരെ വാര്‍ത്തെടുക്കാന്‍ കഴിയണം. അങ്ങിനെയൊരു നാടായി കേരളത്തെ മാറ്റുക എന്നാണ് കാണുന്നത്. അതാണ് സമ്മേളനം അംഗീകരിച്ച രേഖ.

സഹകരണ മേഖല കേരളത്തില്‍ ശക്തമാണ്. അവിടെ വര്‍ധിക്കുന്ന നിക്ഷേപം നാടിന്റെ പൊതുവികാസത്തില്‍ എങ്ങിനെ ഉപയോഗിക്കാം എന്ന കാര്യവും പരിശോധിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സഹകരണ മേഖലയുടെ ഫണ്ട് ഉപയോഗിച്ച് ഇടപെടാന്‍ കഴിയും. കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ കഴിഞ്ഞേക്കും.
നമ്മുടെ നാട്ടില്‍ മനുഷ്യര്‍ പല വിധത്തില്‍ നിക്ഷേപങ്ങള്‍ കൈവശം ഉള്ളവരുണ്ട്. വെറുതെ കിടക്കുന്ന പണം വിശ്വസ്തമായി ഉപയോഗിക്കാന്‍ കഴിയണം. നാട് മുന്നോട്ടു പോകണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സി പി എം ഇങ്ങനെ ചിന്തിക്കുന്നത്. വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളം വളരണം. അതിനു വിഭവ ശേഷി ഒരു തടസ്സമായി നില്‍ക്കരുത്. കേരളം ഇതിനെ നേരിടും എന്ന കരുത്ത് കാണിക്കാന്‍ തയ്യാറാവണം. ഇതിനായി ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷമാണ് സമ്മേളനം മുന്നോട്ടുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest