Kerala
സിപിഎം ഭീഷണി; സ്ഥലംമാറ്റത്തിന് അപേക്ഷിച്ച വില്ലേജ് ഓഫീസര്‍ക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചു
റവന്യു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷമെ സ്ഥലമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനാകുവെന്ന് കലക്ടര്‍

പത്തനംതിട്ട | നാരങ്ങാനത്ത് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചതിന് പിറകെ സ്ഥലം മാറ്റം ചോദിച്ച വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിന് ജില്ലാ കലക്ടര്‍ രണ്ടു ദിവസത്തെ അവധി അനുവദിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കാണ് വില്ലേജ് ഓഫീസര്‍ സ്ഥലം മാറ്റ അപേക്ഷ സമര്‍പ്പിച്ചത്. റവന്യു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷമെ സ്ഥലമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനാകുവെന്ന് കലക്ടര്‍ പ്രേം കൃഷ്ണന്‍ വ്യക്തമാക്കി.
നികുതി കുടിശ്ശിക അടയ്ക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ കഴിഞ്ഞദിവസം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.നിലവിലെ സാഹചര്യത്തില്‍ നാരങ്ങാനം വില്ലേജ് ഓഫീസില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ ഭയമാണെന്നും, സ്ഥലംമാറ്റം നല്‍കണമെന്നും അതുവരെ അവധി അനുവദിക്കണമെന്നുമാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയത്.
അതേ സമയം 2024 ഓഗസ്റ്റില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ആളാണ് വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ്. എന്നാല്‍ പരാതിയില്‍ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭീഷണി സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതി കലക്ടര്‍ ഇന്നലെ തന്നെ ആറന്മുള പോലീസിന് കൈമാറിയിരുന്നു.