Kerala
ഫലസ്തീൻ ചൂണ്ടിക്കാട്ടി മുസ്‌ലിം വോട്ട് തട്ടാൻ സി പി എം ശ്രമിച്ചു: സ്വാദിഖലി തങ്ങൾ
മതനിരാസത്തിലൂട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണക്കടലാസിൽ പൊതിഞ്ഞാണ് സി പി എം കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നത്
കോഴിക്കോട് | ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈനെയും ഫലസ്തീനെയും ചൂണ്ടിക്കാട്ടി മുസ്‌ലിം വോട്ട് തട്ടാനുള്ള ശ്രമം സി പി എം നടത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾ. സി പി എം വിതക്കുന്നത് ബി ജെ പി കൊയ്യുന്നുവെന്ന തലക്കെട്ടിൽ ലീഗ് മുഖപത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പരാമർശം.
മതനിരാസത്തിലൂട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണക്കടലാസിൽ പൊതിഞ്ഞാണ് സി പി എം കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നത്. ലോകത്തെവിടെയെങ്കിലും മുസ്‌ലിംകൾക്ക് പ്രയാസമുണ്ടായാൽ പ്രതിഷേധിച്ച് പ്രസ്താവനയിറക്കുന്നത് ഇതിന്റെ ഭാഗമാണ്.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാനില്ലാതിരിക്കുമ്പോൾ പല കുതന്ത്രങ്ങളും സി പി എം പുറത്തെടുക്കാറുണ്ട്. കോഴിക്കോട്ട് എം കെ രാഘവനെതിരെ “കരീംക്ക’യും വടകരയിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിർ സ്‌ക്രീൻ ഷോർട്ടും വന്നത് ഉദാഹരണങ്ങൾ മാത്രമാണ്. സമസ്തയെ (ഇ കെ വിഭാഗം) രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം സി പി എം നടത്തി. മത നിരാസ അടിത്തറയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് സമസ്തയെ (ഇ കെ വിഭാഗം) ശിഥിലമാക്കാൻ മോഹമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.