Kerala
വര്‍ഗീയ ശക്തികളുടെ കടന്നാക്രമങ്ങളെ പ്രതിരോധിച്ച് സി പി എം മുന്നോട്ടുപോവും: എം വി ഗോവിന്ദന്‍
മൂന്നാമതും ഇടതു സര്‍ക്കാര്‍ വരേണ്ടത് കേരളത്തിന്റെ ആവശ്യം

കൊല്ലം | ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍, ഫാസിസ്റ്റ് സര്‍ക്കാര്‍ എല്ലാവരും ചേര്‍ന്ന് സി പി എമ്മിനെതിരെ നടത്തുനിന്ന നീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ടു പോവുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി പദവി എന്നനിലയിലല്ല വലിയ ഉത്തരവാദിത്തം എന്ന നിലയിലാണ് വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ കാണുന്നത്. പാര്‍ട്ടിയുടെ ശക്തിയും കരുത്തും സംഘടനാ ശേഷിയും വിളിച്ചോതുന്ന തരത്തിലാണ് സമ്മേളനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
മൂന്നാമതും ഇടതു സര്‍ക്കാര്‍ വരേണ്ടത് പാര്‍ട്ടിയേക്കാള്‍ കേരളത്തിന്റെ ആവശ്യമാണ്.
കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ വേണം. ദേശീയ പാത വികസനം മാത്രം മതി അതിന്റെ ഉദാഹരണം. ദേശീയ പാതാ വികസനം സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി അറിയച്ചതിനെ തുടര്‍ന്ന് ദേശീയ പാതാ അതോറിറ്റി തിരിച്ചുപോയ സ്ഥാനാത്താണ് ഇച്ഛാശക്തിയുള്ള ഇടതു സര്‍ക്കാര്‍ വന്ന് ദേശീയ പാത വികസനം സാധ്യമാക്കിയത്. വിഴിഞ്ഞം പദ്ധതിക്ക് കോണ്‍ഗ്രസും ലീഗും ബി ജെ പിയും എതിരായിരുന്നു. ഇടതു സര്‍ക്കാറിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം അതു സാധ്യമായി. വിജ്ഞാന സമ്പദ് വ്യവസ്ഥ സാധ്യമാക്കാന്‍ ഈ സര്‍ക്കാറിനു തുടര്‍ച്ച വേണം. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനം നടത്താന്‍ പോവുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം നേടാന്‍ ഇനിയും എത്രയോ വര്‍ഷങ്ങള്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വികസിത – അര്‍ധവികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്നും വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയും.
വെല്ലുവിളികളെ തരണം ചെയ്ത് പാര്‍ടി ശക്തമായി മുന്നോട്ട് പോകും. 17 പുതുമുഖങ്ങളെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെടുത്തു. സമ്മേളനത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു. വിമര്‍ശനവും സ്വയം വിമര്‍ശവും ഇല്ലെങ്കില്‍ പാര്‍ടിയില്ല. കേന്ദ്ര അവഗണയ്ക്കിടയിലും കേരളം സ്വന്തം കാലില്‍ നില്‍ക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കുന്നതുവരെ അവിടെനിന്നുള്ള ആരെയും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. ആ തീരുമാനത്തിന്റെ ഭാഗമാണ് സൂസന്‍ കോടിയെ സംസ്ഥാന സമിതിയില്‍ നിന്നു മാറ്റി നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.