Connect with us

From the print

പ്രതിരോധിക്കാന്‍ സി പി എം പാടുപെടും; അന്‍വറിനെ പിന്തുണക്കുന്നവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

സമ്മേളനങ്ങളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യ രീതി വിശദീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടിയെയും സര്‍ക്കാറിനെയും മറികടന്ന് മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ഇടത് എം എല്‍ എ. പി വി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി സമ്മേളന കാലത്ത് സി പി എം പാടുപെടും.

നിര്‍ദേശം ലംഘിച്ച് നിരന്തരമായി പരസ്യപ്രസ്താവനകള്‍ നടത്തിയ അന്‍വറിനെ തള്ളിയ പാര്‍ട്ടി, അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങളെയും തള്ളിപ്പറയുന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്‍വറിനെ തള്ളാതെ അയഞ്ഞ നിലപാടെടുത്ത മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതോടെയാണ് അന്‍വറിനെതിരെ തിരിഞ്ഞത്. അന്‍വറിന്റെ കോണ്‍ഗ്രസ്സ് പശ്ചാത്തലം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി അന്‍വറിനെതിരായ നീക്കം ആരംഭിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി അദ്ദേഹത്തെ അനുകൂലിക്കുന്നവരെ നിരീക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അന്‍വറിന്റെ നീക്കങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം. ഇതോടെ, കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വറിന് പിന്തുണ നല്‍കിയ പല സി പി എം അനുകൂല സൈബര്‍ സംഘങ്ങളും പിന്‍വലിഞ്ഞ സാഹചര്യമാണുള്ളത്.

എന്നാല്‍, നടന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതുവരെ പോലീസ് നയത്തിനെതിരെ രൂക്ഷവിമര്‍ശമാണുയര്‍ന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അന്‍വറിനും അതുവഴി ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കുന്ന അനുയായികള്‍ക്കുമുള്ള മറുപടിയാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അന്‍വര്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയി അതുവഴി ഉള്‍പാര്‍ട്ടി ജനാധിപത്യമെന്ന കമ്മ്യൂണിസ്റ്റ് രീതി ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് സമ്മേളനങ്ങളില്‍ സി പി എം നേതൃത്വം നടത്തുക.

നിലവിലെ സാഹചര്യത്തില്‍ അന്‍വറിനെ കൈവിടാതെ രക്ഷയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിക്കാമെന്നും നേതൃത്വം ആലോചിക്കും. ഇതുവരെ പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിമര്‍ശിക്കാതെ, തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന സൂചന മാത്രമാണ് അന്‍വര്‍ പ്രതികരണങ്ങളിലൂടെ നല്‍കിയിരുന്നത്.

എന്നാല്‍, മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ പ്രകോപനത്തില്‍ വീണ അന്‍വര്‍ കൃത്യമായി സര്‍ക്കാര്‍വിരുദ്ധ സമീപനം സ്വീകരിച്ചതോടെ നേതൃത്വത്തിന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന സ്ഥിതിയിലായിട്ടുണ്ട്. എങ്കിലും ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സമ്മേളന കാലത്തും തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും സി പി എം നേതൃത്വം വിലയിരുത്തുന്നുണ്ട്.

പരിശോധിച്ച് നിലപാട് സ്വീകരിക്കും: എം വി ഗോവിന്ദന്‍
ന്യൂഡല്‍ഹി | അന്‍വറിന്റെ പ്രസ്താവനയില്‍ പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് മാറുന്നുവെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്.

എല്‍ ഡി എഫില്‍ നിന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നുമെല്ലാം മാറുന്ന തരത്തിലുള്ള പ്രസ്താവനയാണ് അന്‍വര്‍ നടത്തിയതെന്നാണ് മനസ്സിലാകുന്നത്. പാര്‍ട്ടിക്കും ഇടത് സര്‍ക്കാറിനും എതിരായി പ്രതിപക്ഷം പറയാത്ത കാര്യങ്ങള്‍ അടക്കം പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. ഇടതുമുന്നണിക്കും പാര്‍ട്ടിക്കുമെതിരായി വലത് മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതിനൊപ്പം ചേര്‍ന്ന് പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവര്‍ത്തിക്കരുത് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞതാണ്. അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമല്ല. കാര്യങ്ങള്‍ വിശദമായി ഇന്ന് പറയാം. മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം