From the print
ആത്മവിശ്വാസം കൈവിടാതെ സി പി എം; ഡോ. സരിന്റെ വരവ് നേട്ടമായി
സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചുവെന്നും പ്രതിപക്ഷ കക്ഷികളുടെ സർക്കാറിനെതിരായ കള്ളപ്രചാര വേലകളെ ജനം തള്ളിയെന്നുമാണ് പാലക്കാട്ടെയും ചേലക്കരയിലെയും ഫലങ്ങൾ കാണിക്കുന്നതെന്നാണ് സി പി എമ്മിന്റെ അവകാശ വാദം
തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ഫലം പൂർണ ആശ്വാസം പകരുന്നില്ലെങ്കിലും സർക്കാറിന്റെയും സി പി എമ്മിന്റെയും മനോവീര്യം കെടുത്തുന്നില്ല. കനത്ത തിരിച്ചടിയുണ്ടായില്ലെന്നത് സംസ്ഥാനത്ത് നിലവിൽ ഭരണ വിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണെന്നാണ് സർക്കാറിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ. പാലക്കാട്ട് കഴിഞ്ഞ രണ്ട് തവണയായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നാമതായിരുന്ന സി പി എമ്മിന് ഇത്തവണ ചെറിയ നേട്ടമുണ്ടാക്കാനായത് ആത്മവിശ്വാസം നൽകുന്നു.
ചേലക്കരയിലെ വിജയവും ഇതിന് തെളിവായി സർക്കാറും സി പി എമ്മും ഉയർത്തിക്കാട്ടുന്നു. സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചുവെന്നും പ്രതിപക്ഷ കക്ഷികളുടെ സർക്കാറിനെതിരായ കള്ളപ്രചാര വേലകളെ ജനം തള്ളിയെന്നുമാണ് പാലക്കാട്ടെയും ചേലക്കരയിലെയും ഫലങ്ങൾ കാണിക്കുന്നതെന്നാണ് സി പി എമ്മിന്റെ അവകാശ വാദം.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന പ്രതീതി നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പിയേക്കാൾ പതിമൂവായിരത്തിലധികം വോട്ടുകൾക്ക് പിറകിലായിരുന്ന സി പി എം ഇത്തവണ അന്തരം രണ്ടായിരത്തിലേക്ക് ചുരുക്കാനായത് വലിയ നേട്ടമായാണ് കാണുന്നത്.
ഡോ. പി സരിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം തെറ്റായിരുന്നില്ലെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. സരിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾ അധികം നേടാൻ സരിനിലൂടെ എൽ ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ എൽ ഡി എഫിന് 35,622 വോട്ടുകളായിരുന്നെങ്കിൽ ഇത്തവണ 37,458 വോട്ടുകളാണ് ഇടത് പെട്ടിയിൽ വീണത്.
ബി ജെ പിയുമായുള്ള അന്തരം കേവലം 2,071 വോട്ടുകളിലേക്ക് എത്തിക്കാനും സരിനിലൂടെ എൽ ഡി എഫിന് സാധിച്ചു. കഴിഞ്ഞ തവണ ഈ അന്തരം 13,533 വോട്ടുകളായിരുന്നു എന്നത് തിരിച്ചറിയുമ്പോഴാണ് സരിന്റെ വരവ് ഇടത് ക്യാമ്പിന് എത്രത്തോളം ഗുണമായെന്നത് വ്യക്തമാകുന്നത്. വയനാട് തിരഞ്ഞെടുപ്പിൽ പ്രിയങ്ക, രാഹുലിന്റെ ഭൂരിപക്ഷം മറികടന്നെങ്കിലും തങ്ങളുടെ പരമ്പരാഗത വോട്ടിൽ ചോർച്ച വന്നിട്ടില്ലെന്നും ഇടത് ക്യാമ്പ് ആശ്വസിക്കുന്നു.