Connect with us

Articles

ക്രീമിലെയര്‍ യുക്തിയും കുതന്ത്രങ്ങളും

ചരിത്രപരമായ അനീതികളുടെ പരിഹാരം ലക്ഷ്യമിടുന്ന അത്യന്തം പ്രാധാന്യമുള്ള നിയമപരമായ ഉപാധിയാണ് സംവരണം. എന്നാല്‍, ക്രീമിലെയര്‍ മാനദണ്ഡം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ബാധകമാക്കുന്നതോടെ, അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമായി പ്രത്യക്ഷപ്പെടാം.

Published

|

Last Updated

ചരിത്രപരമായ അനീതികള്‍ക്കും സാമൂഹിക വിവേചനങ്ങള്‍ക്കും ഇരയായ വിഭാഗങ്ങളെ സംരക്ഷിച്ച് അവര്‍ക്ക് തുല്യാവസരങ്ങള്‍ ഉറപ്പാക്കാനാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്. അതായത്, ഒരു ജനാധിപത്യ രാജ്യത്ത് വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് സമാനമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ പൊതുനയം കൈക്കൊള്ളുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സമത്വം, സാമൂഹിക നീതി എന്നിവ സംവരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാകുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥ മുന്‍കാലങ്ങളില്‍ വലിയ സാമൂഹിക അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായി. ഇതിന്റെ ഫലമായി, പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കം നില്‍ക്കേണ്ടിവന്നു. ഈ അസമത്വം പരിഹരിക്കാന്‍ നിയമപരമായ സംരക്ഷണത്തിനായാണ് സംവരണം ഏര്‍പ്പെടുത്തിയത്.

ഒരു രാജ്യത്തിന്റെ പൊതുകാര്യങ്ങളില്‍ അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജോലികള്‍, നിയമസഭ, പാര്‍ലിമെന്റ് തുടങ്ങിയ മേഖലകളില്‍ തുല്യാവസരങ്ങള്‍ കൈവരുന്നില്ല എന്ന് രാജ്യത്തെ പ്രമുഖ സമൂഹങ്ങള്‍ക്ക് അവബോധം ഉണ്ടാകുമ്പോഴാണ് സംവരണം എന്ന ആവശ്യം ഉയര്‍ന്നുവരുന്നത്. ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിവേചനങ്ങളോ ചരിത്രപരമായ അനീതികളോ മൂലം അധികാരവും സവിശേഷാവകാശങ്ങളും വിവിധ ജനസമൂഹങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യുന്നതില്‍ സംഭവിച്ചിട്ടുള്ള അസമത്വം പരിഹരിക്കുക എന്നതാണ് സംവരണം നടപ്പാക്കുന്നതിനുള്ള നീതീകരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത വിഭാഗങ്ങള്‍ക്ക് അത് ലഭ്യമാക്കുന്നതുവരെ നിയമനങ്ങളിലും സേവനലഭ്യതയിലും സംവരണം ഏര്‍പ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമായ തുല്യാവസര സംരക്ഷണത്തിനാണ്. സംവരണം കാലാകാലങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ സാമൂഹിക സമത്വം ഉറപ്പാക്കുന്നതിനുള്ള പ്രധാന ഉപാധിയായി തുടരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍, ബ്രാഹ്മണാധിപത്യത്തിലുണ്ടായിരുന്ന ജാതിവ്യവസ്ഥയെ ഭേദിക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍, ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. ഈ പ്രസ്ഥാനങ്ങളുടെ ഉത്ഭവകാരണം വ്യത്യസ്തമായിരുന്നെങ്കിലും, ജനസംഖ്യാനുപാതികമായി ഭരണത്തില്‍ പങ്കുചേരുക എന്ന ഒരേയൊരു പൊതുലക്ഷ്യം ഇവയെ ഒന്നിപ്പിച്ചു.

ഈ ലക്ഷ്യം കൈവരിക്കാന്‍, മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങളില്‍ നിന്ന് വിദ്യാസമ്പന്നരായ ഇടത്തരക്കാര്‍ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ നേടിയ മേല്‍ക്കോയ്മയും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി ജനാധിപത്യരീതിയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. 1921ലെ മൈസൂര്‍ സംവരണ നിയമം, 1936ലെ തിരുവിതാംകൂര്‍ ക്ഷേമനയ പരിഷ്‌കാരങ്ങള്‍, 1937ലെ മദ്രാസ് സംവരണ നിയമം എന്നിവയാണ് ഈ സമരങ്ങളുടെ പ്രധാന ഫലങ്ങള്‍. ഈ സമരങ്ങള്‍ക്ക് ചരിത്രപുരുഷന്മാര്‍ നേതൃത്വം നല്‍കി. അവരുടെ ഇടപെടലുകള്‍ മൂലം മൈസൂര്‍, മദ്രാസ്, മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി തുടങ്ങിയ പ്രദേശങ്ങളില്‍ സംവരണ നിയമങ്ങള്‍ നടപ്പായി.
1902ല്‍ ഷാഹു മഹാരാജാവ് കോലാപ്പൂരില്‍ പിന്നാക്ക വര്‍ഗങ്ങള്‍ക്കായി സംവരണം നടപ്പാക്കിയത്, ഇന്ത്യയിലെ ആദ്യ സംവരണ നടപടികളിലൊന്നായി കണക്കാക്കപ്പെടുന്നു. 1935ലെ ഇന്ത്യന്‍ ഗവണ്‍മെന്റ് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ദളിതര്‍ക്കായി പ്രത്യേക പ്രതിനിധാന സ്ഥാനങ്ങള്‍ അനുവദിക്കുകയും, പിന്നീട് അത് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണത്തില്‍ പ്രഭാവം ചെലുത്തുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി പ്രത്യേക വ്യവസ്ഥകളിലൂടെ സംവരണ നയങ്ങള്‍ക്ക് നിയമ പ്രാബല്യവും കൈവന്നു. ഇന്ത്യന്‍ ഭരണഘടന ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി ഔദ്യോഗിക സംവരണ വ്യവസ്ഥകള്‍ നടപ്പാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, ആര്‍ട്ടിക്കിള്‍ 16 എന്നിവ സാമൂഹികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് സംവരണം നടപ്പാക്കാനുള്ള അനുമതി നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 46 സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നു. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിവേചനമനുസരിച്ച് സംവരണത്തിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള അനുവാദം കിട്ടിയപ്പോള്‍ മാനദണ്ഡങ്ങളുടെ കാര്യത്തിലും അര്‍ഹതയുള്ളവരെ കണ്ടെത്തുന്ന കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാറുകളെ മാറ്റിമറിക്കത്തക്ക തരത്തിലേക്ക് സംവരണ വിഷയം വര്‍ഗീയവത്കരിക്കപ്പെടുകയും രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സംവരണാനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള അര്‍ഹത നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഭൂരിപക്ഷം സര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ല.
ഭരണകൂടത്തിന്റെ ഈ കഴിവില്ലായ്മയാണ് കോടതികളെ ആശ്രയിക്കാന്‍ പുരോഗമനവാദികളെ പ്രേരിപ്പിച്ചത്. കോടതികളുടെ ഇടപെടല്‍ പലപ്പോഴും ഭരണഘടനാ ദേദഗതിക്ക് വഴിവെക്കുകയും ചെയ്തു. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കടന്നു വന്നതും കോടതികളുടെ ഇടപെടല്‍ മൂലമാണ്. സംവരണാനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിരുന്ന സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായത്തില്‍ നിന്ന് ക്രീമിലെയര്‍ സങ്കല്‍പ്പം രൂപം കൊണ്ടു.

1992ല്‍ ഇന്ദ്രാ സാഹ്നി കേസിലെ സുപ്രീം കോടതി വിധിയിലാണ് ഒ ബി സി വിഭാഗങ്ങളില്‍ സാമ്പത്തികമായി മുന്‍തൂക്കം നേടുന്നവരെ സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. ക്രീമിലെയര്‍ പരിമിതീകരണത്തിന്റെ അടിസ്ഥാനത്തില്‍, ഒരു വ്യക്തിയുടെ കുടുംബവരുമാനം നിര്‍ണായകമായി പരിഗണിക്കപ്പെടുന്നു. ഒ ബി സി വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, ക്രീമിലെയര്‍ പരിധിക്ക് (വരുമാന പരിധി) മുകളിലുള്ളവര്‍ക്ക് സംവരണ അര്‍ഹത ലഭ്യമാകില്ല എന്ന നിയമം വന്നു. എന്നാല്‍, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് അപ്പോഴും ക്രീമിലെയര്‍ മാനദണ്ഡം ബാധകമല്ലായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് അംഗീകരിച്ചതും യഥാക്രമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341, 342ലായി ചേര്‍ത്തിട്ടുള്ളതുമായ പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ ആ വിഭാഗങ്ങളില്‍പ്പെട്ട സംവരാണാര്‍ഹരെ സംസ്ഥാനങ്ങള്‍ കണ്ടെത്തുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടാനര്‍ഹതയുള്ള സമുദായങ്ങളെ കണ്ടെത്തി യഥാസമയം ഈ പട്ടിക പുതുക്കാറുമുണ്ട്. സംസ്ഥാന ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം വരുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റും പ്രസിഡന്റും അംഗീകരിക്കുന്ന മുറയ്ക്കാണ് പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റിലേക്ക് പുതിയ ജാതികളെ ചേര്‍ക്കുന്നതും നിലവിലുള്ള ജാതികളെ നീക്കുന്നതും. പാര്‍ലിമെന്റ് അംഗീകരിച്ച പട്ടികജാതി ലിസ്റ്റിനെ ഒരൊറ്റ ലിസ്റ്റ് ആയി പരിഗണിച്ചാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചിരുന്നത്. എന്നാല്‍, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങള്‍ അവരുടെ പട്ടികജാതി ലിസ്റ്റിലെ ചില പ്രത്യേക ജാതികള്‍ക്ക് അവരുടെ അതിപിന്നാക്കാവസ്ഥ പരിഗണിച്ച് പട്ടികജാതി സംവരണത്തിനകത്ത് പ്രത്യേകം ഉപവിഭാഗസംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അങ്ങനെ ശ്രമിച്ചപ്പോഴൊക്കെത്തന്നെ ഹൈക്കോടതികളും സുപ്രീം കോടതിയും അതിനെ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തിരുന്നു. പട്ടികജാതി ലിസ്റ്റ് വിഭജിച്ച് ഉപവിഭാഗ സംവരണം കൊടുക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോടതികള്‍ നാളിതുവരെ പുലര്‍ത്തിയിരുന്നത്. എന്നാല്‍, പിന്നാക്ക ജാതികളുടെ കാര്യത്തില്‍ അവരെ പിന്നാക്കം, അതിപിന്നാക്കം എന്നിങ്ങനെ തരംതിരിച്ച് പ്രത്യേക സംവരണം കൊടുക്കാം എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിനോടൊപ്പം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രീമിലെയര്‍ ആളുകളെ കണ്ടെത്തി അവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണം എന്നൊരു നിരീക്ഷണം കൂടി കോടതി ഈ വിധിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ ക്രീമിലെയര്‍ പരിധി കൊണ്ടുവരുന്നത് വലിയ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണ്. ക്രീമിലെയര്‍ പരിധി വരുമ്പോള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ പരിധിയില്‍ നിന്ന് ഒരു വലിയ വിഭാഗം പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് അവര്‍ക്കുള്ള സംരക്ഷണം ഇല്ലാതാക്കുകയും ചെയ്യാം. ക്രീമിലെയര്‍ കൊണ്ടുവരുന്നതോടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കും. മുന്‍കാലങ്ങളില്‍ സാമൂഹികമായി തളര്‍ന്നിരുന്ന എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം എന്ന ആശയം അതിന്റെ മൗലികമായ ഉദ്ദേശ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ട്
ചരിത്രപരമായ അനീതികളുടെ പരിഹാരം ലക്ഷ്യമിടുന്ന അത്യന്തം പ്രാധാന്യമുള്ള നിയമപരമായ ഉപാധിയാണ് സംവരണം. എന്നാല്‍, ക്രീമിലെയര്‍ മാനദണ്ഡം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ബാധകമാക്കുന്നതോടെ, അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമായി പ്രത്യക്ഷപ്പെടാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ സംവരണത്തിലൂടെ അതിസമ്പന്നരായവര്‍ ഉണ്ടായിട്ടുണ്ടെന്നത് അനുമാനതലത്തിലുള്ള ഒരു ആശയം മാത്രമാണ്. ഇതിന്റെ ശാസ്ത്രീയമായ തെളിവുകള്‍ സര്‍ക്കാര്‍ ഇതുവരെ സമാഹരിച്ചിട്ടില്ല. അത്തരം ഒരു പഠനം നടത്തുക മാത്രമല്ല, സംവരണത്തിന്റെ ഫലമായി ആരെങ്കിലും സമ്പന്നരായി എന്നതും വ്യക്തമായി നിരൂപണ വിധേയമാക്കേണ്ടതുണ്ട്. സര്‍ക്കാറുകളും നിയമനിര്‍മാണ സഭകളും ഈ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

Latest