National
കടം നല്‍കിയവരുടെ ഹരജി; ബൈജൂസ്-ബി സി സി ഐ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി
58 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയതാണ് പരമോന്നത കോടതി റദ്ദാക്കിയത്.
ന്യൂഡല്‍ഹി | എജ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബി സി സി ഐ) തമ്മിലുള്ള സ്പോണ്‍സര്‍ഷിപ്പ് ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി. 58 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ബാധ്യത ഒത്തുതീര്‍പ്പാക്കിയതാണ് പരമോന്നത കോടതി റദ്ദാക്കിയത്. ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പുറപ്പെടുവിച്ചത്.
ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിയിരുന്നത്. അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിരെ ഹരജി നല്‍കിത്. തങ്ങള്‍ക്ക് കോടികളുടെ ബാധ്യത വരുത്തിയ ശേഷം ബി സി സി ഐക്ക് മാത്രം 158 കോടി രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹരജി. കരാര്‍ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കടമായി വാങ്ങിയ 15,000 കോടിയോളം രൂപ മറ്റ് പലര്‍ക്കുമായി തിരികെ നല്‍കാനുണ്ടായിരിക്കേ ബി സി സി ഐയുടെ കടം മാത്രം വീട്ടാനുള്ള കാരണംമെന്താണെന്ന് കോടതി ബൈജൂസിനോട് ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ ബൈജൂസിന് സാധിച്ചില്ല. തുടര്‍ന്ന്, ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.