Connect with us

Kerala

ഇഴഞ്ഞുനീങ്ങുന്ന തസ്തിക നിർണയം; ആശങ്കയോടെ അധ്യാപക ഉദ്യോഗാർഥികൾ

8,000ത്തോളം വരുന്ന അധ്യാപക തസ്തികകൾ അനിശ്ചിതത്വത്തിൽ

Published

|

Last Updated

മലപ്പുറം | കാലാവധി കഴിഞ്ഞ് പലതവണ നീട്ടിവെച്ചിട്ടും സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക തസ്തിക നിർണയം പൂർത്തിയായില്ല. അക്കാദമിക് വർഷം പൂർത്തിയാകാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് കണക്കെടുപ്പ് വഴിമുട്ടി നിൽക്കുന്നത്. ഇതോടെ 8,000ത്തോളം വരുന്ന അധ്യാപക തസ്തികകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എൽ പി, യു പി ക്ലാസ്സുകളിൽ മാത്രം 4,000ത്തോളം അധിക തസ്തികകൾ ഉണ്ടായേക്കുമെന്നാണ് സൂചന. വിദ്യാർഥികളുടെ വർധനവിനനുസരിച്ച് അധിക തസ്തികകൾ അനുവദിക്കുന്നതും അതിലേക്ക് അധ്യാപകരെ നിയമിക്കുന്നതും അതാത് വർഷത്തെ ജൂലൈ 15 അടിസ്ഥാനമാക്കിയുള്ള സ്റ്റാഫ് ഫിക്സേഷൻ പ്രകാരമാണ്. എന്നാൽ, കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും കൊവിഡ് മഹാമാരി കാരണം ഇത് നടന്നിട്ടില്ല. അവസാനത്തെ നടപടി 2019ൽ 3,000 പേരെ നിയമിച്ചതാണ്.

മുൻകാലങ്ങളിൽ തസ്തിക നിർണയം നടത്തിയിരുന്നത് എ ഇ ഒമാരും ഡി ഇ ഒമാരും ചേർന്ന് നൽകുന്ന റിപോർട്ട് ക്രോഡീകരിച്ചായിരുന്നു. എന്നാൽ, ഇത്തവണ സർക്കാർ നേരിട്ട് പൂർത്തിയാക്കും എന്ന് പറഞ്ഞ കണക്കെടുപ്പാണ് ഇപ്പോൾ പാതിവഴിയിൽ ഇഴയുന്നത്. സാധാരണ അധ്യയന വർഷങ്ങളിൽ ജൂലൈ 15ന് തീർക്കേണ്ട തസ്തിക നിർണയം ഈ അധ്യയന വർഷം പുതിയ കെ ഇ ആർ ഭേദഗതി പ്രകാരം ഒക്ടോബർ ഒന്നിനായിരുന്നു നടക്കേണ്ടിയിരുന്നത്. ഒക്ടോബർ 31ലേക്ക് നീട്ടിയ അവധി പിന്നീട് സ്‌കൂൾ മേളകളുടെ പേര് പറഞ്ഞ് ഡിസംബർ 15ക്കും പിന്നീട് 31ലേക്കും നീട്ടി. അവസാനം പറഞ്ഞ അവധിയായ ജനുവരി 31ഉം തീർന്നു. എന്നിട്ടും കണക്കെടുപ്പ് എവിടെയും എത്തിയിട്ടില്ല.

തസ്തിക നിർണയം വൈകുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ. പി എസ് സി പരീക്ഷകളുടെ കാലാവധി തീരാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. എത്രയും പെട്ടെന്ന് തസ്തിക നിർണയം പൂർത്തിയാക്കി നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.