National
ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടി; പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
യുവാവിനെ ക്രൂരമായി മര്‍ദിച്ചശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

നോയിഡ| ഉത്തര്‍ പ്രദേശിലെ സൂരജ്പൂരില്‍ നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ട് അടിച്ച് കൊന്നു. മനീഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. സൂരജ്പൂര്‍ ടൗണില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് നടത്തുകയായിരുന്നു മനീഷ്.
തിങ്കളാഴ്ച വൈകുന്നേരം ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്തുകൂടെ നടന്നു പോവുകയായിരുന്നു മനീഷ്. ആ സമയത്ത് കുറച്ച് യുവാക്കള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. കളിക്കിടയില്‍ മനീഷിന്റെ ദേഹത്ത് ബോള്‍ തട്ടി. തന്റെ ശരീരത്തില്‍ പന്ത് തട്ടിയെന്ന് മനീഷ് പ്രതികരിച്ചു. ഇതോടെ യുവാവിനെ ശിവം, മനീഷ് എന്നിവര്‍ ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹിര്‍ദേഷ് കതേരിയ പറഞ്ഞു.
മനീഷിനെ മര്‍ദിച്ചശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. മനീഷ് രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ മനീഷിനെ ഗ്രൗണ്ടിനു സമീപം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനീഷ് മരിച്ചിരുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.