Kerala
ക്രിക്കറ്റ് കോച്ച് പ്രതിയായ പീഡനക്കേസ്; കെ സി എക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷന്‍
സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം | ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ സി എ വിശദീകരിക്കണം.
പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ സി എയില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.
പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.