National
ഉത്തരാഖണ്ഡില്‍ ലൈംഗികാതിക്രമക്കേസില്‍ ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍
ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അറസ്റ്റ്.
ഡെറാഡൂണ്‍| ക്രിക്കറ്റ് താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച പരിശീലകന്‍ അറസ്റ്റില്‍. ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അറസ്റ്റ്. എയിംസ്-ഋഷികേശില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് അസോസിയേഷന്റെ സസ്‌പെന്‍ഷനിലായ നരേന്ദ്ര ഷായെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പങ്കജ് ഗൈറോള പറഞ്ഞു.
സ്വന്തം ക്രിക്കറ്റ് പരിശീലന അക്കാദമി നടത്തിയിരുന്ന ഷാ, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ക്രിക്കറ്റ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം വിഷം കഴിച്ചതായും സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.
ലൈംഗികാതിക്രമത്തിനും എസ്സി/എസ്ടി നിയമപ്രകാരവും കുട്ടികളുടെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, ഷായെ കര്‍ശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അധ്യക്ഷ ഉഷാ നേഗി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവര്‍ക്ക് കത്തയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)