sharon raj death
ഷാരോണ്‍ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
സുഹൃത്ത് കഴിക്കുന്ന കഷായം ഷാരോൺ രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാൽ ഇതാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും എസ് പി പറഞ്ഞു.
തിരുവനന്തപുരം | പാറശാലയിൽ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് റൂറൽ എസ് പി അറിയിച്ചു. ഡി വൈ എസ് പി ജോൺസണിനാണ് അന്വേഷണ ചുമതല.
സുഹൃത്ത് കഴിക്കുന്ന കഷായം ഷാരോൺ രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാൽ ഇതാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും എസ് പി പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരും. വിശദ അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും എസ് പി പറഞ്ഞു.
ഇന്ന് ഷാരോണും പെൺസുഹൃത്തുമായുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്ന് ഈ ശബ്ദ സന്ദേശത്തിലുണ്ട്. ജ്യൂസ് കുടിച്ച കാര്യമാണ് വീട്ടിൽ പറഞ്ഞതെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശത്തിൽ മുമ്പ് പഴകിയ ജ്യൂസ് കുടിച്ച കാര്യം പറയുന്നുണ്ട്. മരണത്തിൽ കൂടുതൽ ദുരൂഹത സൂചിപ്പിക്കുന്നതാണ് ഈ ശബ്ദസന്ദേശം. ഷാരോണിൻ്റെ മരണത്തില്‍ തന്നെ ബന്ധപ്പെടുത്തിയുള്ള ആരോപണം പെണ്‍സുഹൃത്ത് നിഷേധിച്ചിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഷാരോണിന് താന്‍ വിഷം നല്‍കിയെന്നത് തെറ്റായ ആരോപണമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ഇക്കഴിഞ്ഞ 25നാണ് 23കാരനായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡി.കോളജില്‍ വച്ച് മരിക്കുന്നത്. ബി എസ് സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. ഇവിടെ നിന്നും അവശ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. പെൺസുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ജ്യൂസും കഷായവും കുടിച്ചിരുന്നു.