Kerala
സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
കൊച്ചി | പകുതി വിലക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ അറസ്റ്റിലായിരുന്നു. മൂവാറ്റുപുഴ ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പ് എന്ന നിലയിലാണ് മൂവാറ്റുപുഴ പോലീസില്‍ നിന്ന് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്.
അനന്തുവിനെതിരെ പല ജില്ലകളിലായി രണ്ടായിരത്തിലധികം പരാതികളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂവാറ്റുപുഴയില്‍ നിന്ന് മാത്രം 1,200 പരാതികള്‍ വന്നതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ വിവിധ ജില്ലകളില്‍ നിന്ന് ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായെത്തി. അനന്തു ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് എറണാകുളം ജില്ലയിലാണെന്നാണ് നിഗമനം. പറവൂര്‍ മേഖലയില്‍ നിന്ന് മാത്രം ആയിരത്തിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അനന്തു കൃഷ്ണന്‍. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരിക്കുന്നത്.