sfi-aisf clash
എസ് എഫ് ഐയില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു; സി പി എം ഇടപെട്ട് തിരുത്തണമെന്ന് എ ഐ എസ് എഫ്
ആര്‍ എസ് എസ് മനോഭാവമുള്ളവര്‍ എസ് എഫ് ഐയില്‍ ഉണ്ടെന്നും ഇവരെ പുറത്താക്കാന്‍ നടപടി ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു
കൊച്ചി | എസ് എഫ് ഐക്കെതിരെ പരസ്യ വിമര്‍ശനവുമായി വീണ്ടും എ ഐ എസ് എഫ് രംഗത്ത്. എസ് എഫ് ഐയ്യില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്ന് എ ഐ എസ് എഫ് വിമര്‍ശിച്ചു. സി പി എം ഇടപെട്ട് ഇക്കാര്യം തിരുത്തണമെന്നും കൊച്ചിയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തില്‍ എ ഐ എസ് എഫ് ആവശ്യപ്പെട്ടു. എം ജി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബലാത്സംഗ ശ്രമം നടന്നുവെന്ന് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച വനിതാ നേതാവും പരിപാടിയില്‍ പങ്കെടുത്തു.
സര്‍വ്വകലാശാല തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവങ്ങള്‍ എസ് എഫ് ഐയുടെ ഫാസിസിറ്റ് മുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നേതാക്കള്‍ എടുത്ത് പറഞ്ഞു. സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ തിരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് വനിതാ നേതാവ് ആരോപിച്ചു. ആര്‍ എസ് എസ് മനോഭാവമുള്ളവര്‍ എസ് എഫ് ഐയില്‍ ഉണ്ടെന്നും ഇവരെ പുറത്താക്കാന്‍ നടപടി ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.