Connect with us

From the print

കാർഷിക മേഖലയിലെ പ്രതിസന്ധി; കേരളം പട്ടിണിയിലേക്കെന്ന് മുന്നറിയിപ്പ്

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളെന്നതുപോലെ അരിയും വരാത്തപക്ഷം കേരളം പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണെന്നാണ് കാര്‍ഷിക വിദഗ്ധരുടെ മുന്നറിയിപ്പ്

Published

|

Last Updated

പാലക്കാട് | കാലാവസ്ഥാ വ്യതിയാനവും നെല്ല് സംഭരണത്തുക വിതരണത്തിലെ അപാകവും സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നെല്ലുുത്പാദനം വര്‍ഷം തോറും കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളെന്നതുപോലെ അരിയും വരാത്തപക്ഷം കേരളം പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണെന്നാണ് കാര്‍ഷിക വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഒന്ന്, രണ്ട് വിളകളിലായി നെല്ല് സംഭരിച്ചതില്‍ 23.5 ശതമാനം കുറവുള്ളതായി സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി. 2022ല്‍ രണ്ട് സീസണുകളിലായി 7.31 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 5.59 ലക്ഷം ടണ്ണായി കുറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നാം വിള നെല്ല് സംഭരണം 1.54 ലക്ഷം ടണ്ണും രണ്ടാം വിള 4.05 ലക്ഷം ടണ്ണുമാണ് സംഭരിച്ചത്. നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടും ആലപ്പുഴയും നെല്ല് ഉത്പാദനം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്്. 2022ല്‍ 2.92 ലക്ഷം ടണ്‍ നെല്ല് പാലക്കാട്ട് സംഭരിച്ചപ്പോൾ കഴിഞ്ഞ വര്‍ഷം 1.83 ലക്ഷം ടണ്ണായി കുറഞ്ഞു. ആലപ്പുഴയില്‍ 2022ല്‍ 1.69 ലക്ഷം ടണ്‍ സംഭരിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1.60 ടണ്ണായിരുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് നെല്ലുുത്പാദനത്തില്‍ വൻ കുറവിനിടയാക്കിയതെന്നാണ് കൃഷി ശാസ്ത്രജ്ഞര്‍ പറയുന്നത്. മഴയുടെ അഭാവത്തിനൊപ്പം കനത്ത ചൂടും പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പുഞ്ചകൃഷിക്കടക്കം കനത്ത തിരിച്ചടിയാണ് നേരിട്ടത്. നെല്‍ വിളകള്‍ക്ക് 35 സെല്‍ഷ്യസ് താപനില നേരിടാന്‍ മാത്രമേ ശേഷിയുള്ളൂ. എന്നാല്‍ സംസ്ഥാനത്ത് താപനില ഇതിലും കൂടുതല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് കൃഷി ഉണങ്ങി നശിക്കാനിടയാക്കിയതും നെല്ലുത്പാദനം കുറയാനിടയാക്കി. ഉത്പാദനം കുറയുന്നതിന് പുറമെ നെല്‍കൃഷിയുടെ വിസ്തൃതിയിലും കര്‍ഷകരുടെ എണ്ണത്തിലും കുറവുണ്ടായി. 2022ൽ 1.82 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്ത 2.5 ലക്ഷം കര്‍ഷകരില്‍ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം 1.70 ലക്ഷം ഹെക്ടറില്‍ കൃഷിയിറക്കിയ 1.99 ലക്ഷം കര്‍ഷകരില്‍ നിന്നാണ് നെല്ല് വാങ്ങിയത്.

അതേസമയം, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നെല്ല് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സമീപനമല്ല സ്വീകരിക്കുന്നത്. ഉത്പാദന ചെലവിന് അനുസരിച്ച് വില കിട്ടാത്തത് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ നെല്ല് കൃഷി ഉപേക്ഷിക്കുകയാണ്. നെല്ല് സംഭരണവില യഥാസമയം കിട്ടാത്ത സ്ഥിതിയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 1,47, 886 ഹെക്ടറിലായി 2, 33, 465 കര്‍ഷകരാണ് നെല്‍വിളയിറക്കിയത്. ആലപ്പുഴയില്‍ 44,809 കര്‍ഷകര്‍ 33,950 ഹെക്ടറിലും പാലക്കാട് 98,384 കര്‍ഷകര്‍ 53,203 ഹെക്ടറിലും കൃഷിയിറക്കി. 2021ല്‍ 7,64,885 മെട്രിക് ടണ്ണും 2022ല്‍ 7,31,182 മെട്രിക് ടണ്ണും നെല്ല് ഉത്പാദിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 4,99,768 മെട്രിക് ടണ്ണായി കുറയുകയായിരുന്നു.