From the print
എൽ ഡി എഫിൽ പ്രതിസന്ധി: എ ഡി ജി പിയെ മാറ്റിയേ തീരൂ; കടുപ്പിച്ച് സി പി ഐ
ആർ എസ് എസ് ബന്ധം രാഷ്ട്രീയ വിഷയമായി കണ്ട് നടപടിയെടുക്കണം
തിരുവനന്തപുരം | ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എം ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സി പി ഐ രംഗത്ത് വന്നതിനെ തുടർന്ന് എൽ ഡി എഫിൽ കടുത്ത പ്രതിസന്ധി.
എ ഡി ജി പിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളും പരാതികളും വിജിലൻസ് അന്വേഷണം ഉൾപ്പെടെ ഉയരുന്ന ഘട്ടത്തിൽ, അന്വേഷണ റിപോർട്ടിന് ശേഷം നടപടിയെന്ന എൽ ഡി എഫ് യോഗത്തിലെ തീരുമാനം തള്ളിക്കൊണ്ട് സി പി ഐ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എൽ ഡി എഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർ എസ് എസ് ബന്ധം പാടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിക്കുമ്പോൾ, എ ഡി ജി പിയെ മാറ്റാതെ മുന്നോട്ടുപോകാൻ സർക്കാറിന് പ്രയാസമായിരിക്കുമെന്ന് മുതിർന്ന നേതാവും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പ്രകാശ് ബാബുവും ചൂണ്ടിക്കാട്ടി. എന്നാൽ, എ ഡി ജി പിക്കെതിരെ നിലവിൽ നടപടി വേണ്ടെന്ന സി പി എം നിലപാടിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിനാൽ അടുത്തയാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ വിഷയം സി പി ഐ നേതാക്കൾ ഉന്നയിക്കുമോയെന്നത് കണ്ടറിയണം. പി വി അൻവർ പുറത്തേക്ക് പോയതിന് പിന്നാലെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ സി പി ഐ ഏറ്റെടുക്കുമ്പോൾ സി പി എം വെട്ടിലായിരിക്കുകയാണ്. നിലവിലെ സ്ഥിതിയിൽ കൂടുതൽ ഘടകകക്ഷികളും എ ഡി ജി പിക്കെതിരായ നിലപാട് സ്വീകരിച്ചാൽ പ്രശ്നത്തിൽ സർക്കാറും സി പി എമ്മും സമ്മർദത്തിലാകും. സഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അനുനയത്തിന്റെ ഭാഗമായി എ ഡി ജി പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർ എസ് എസ് ബന്ധം പാടില്ലെന്ന നിലപാടിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രണ്ട് തവണയാണ് ആർക്കും അറിയാത്ത കാരണങ്ങൾക്ക് വേണ്ടി അറിയപ്പെടുന്ന ആർ എസ് എസ് നേതാക്കളെ എം ആർ അജിത് കുമാർ കണ്ടത്. എൽ ഡി എഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സി പി ഐ നിലപാട്. ഉറച്ച നിലപാടാണ്. എ ഡി ജി പിയുടെ ചുമതല വഹിക്കാൻ ആർ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, അന്വേഷണ റിപോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അതിന്റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തിച്ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രീയ വിഷയമാണ്. എ ഡി ജി പിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എ ഡി ജി പിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു.
എ ഡി ജി പി-ആർ എസ് എസ് കൂടിക്കാഴ്ചക്ക് ഡി ജി പിയുടെയോ മറ്റാരുടെയെങ്കിലുമോ അനുമതി കിട്ടിയോ എന്നത് അന്വേഷണത്തിൽ കണ്ടെത്താം. എന്നാൽ അങ്ങനെ കാണാമോ എന്നതാണ് ചോദ്യം. ആർ എസ് എസ് നേതാക്കളെ കണ്ടു എന്നത് എ ഡി ജി പി സമ്മതിച്ചതാണ്. എ ഡി ജി പിക്ക് മതേതര രാജ്യത്തെ ജനങ്ങളെ നീതിപൂർവം കാണാൻ കഴിയില്ലെന്നും ക്രമസമാധാന ചുമതലയിൽ തുടരുന്നത് രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നുമാണ് സി പി ഐ പക്ഷം.