Connect with us

National

ഉത്തരേന്ത്യയില്‍ അതിരൂക്ഷ കല്‍ക്കരി ക്ഷാമത്താല്‍ വൈദ്യുതി ഉല്‍പ്പാദന പ്രതിസന്ധി; മൂന്ന് സംസ്ഥാനങ്ങളില്‍ പവര്‍കട്ട്

പഞ്ചാബിലും രാജസ്ഥാനിലു ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചു. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും രാജസ്ഥാനിലു ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്‍ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.

 

---- facebook comment plugin here -----

Latest