editorial
കേന്ദ്ര സഹായത്തിന് മാനദണ്ഡം കക്ഷിരാഷ്ട്രീയമാകരുത്
ഫെഡറൽ മൂല്യങ്ങളുടെ നിരാകരണമാണ് സംസ്ഥാനങ്ങൾക്ക് ധനസഹായവും കേന്ദ്ര പദ്ധതികളും അനുവദിക്കുന്നതിൽ കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കുന്ന പ്രവണത. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്നതാണ് എൻ ഡി ആർ എഫിലടക്കം കേന്ദ്രത്തിന്റെ വശമുള്ള ഫണ്ടുകളെന്ന കാര്യം വിസ്മരിക്കരുത്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലത്രേ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് കൈമാറിയ കത്തിന്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് കഴിഞ്ഞ ദിവസം കൈമാറിയ മറുപടിക്കത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ആഗസ്റ്റ്് ആറിന് എം കെ രഘവൻ എം പി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം. ദുരന്തങ്ങളുണ്ടാകുമ്പോൾ നിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണെന്നും കേരളത്തിന്റെ വശം ആവശ്യത്തിനുള്ള ദുരന്തനിവാരണ ഫണ്ട് (എസ് ഡി ആർ എഫ്) ഉള്ളതായി അക്കൗണ്ടന്റ് ജനറൽ കേന്ദ്രത്തെ അറിയിച്ചതായും കത്തിൽ കേന്ദ്ര മന്ത്രി പറയുന്നു. കേരളം കത്ത് നൽകി മാസങ്ങൾ പിന്നിട്ടിട്ടും നിലപാട് വ്യക്തമാക്കാൻ കേന്ദ്രം വയനാട് ഉപതിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു. കക്ഷി രാഷ്ട്രീയമാണ് അകത്ത് പ്രവർത്തിക്കുന്നത് എന്നതിന് ഇതുതന്നെ മതി തെളിവ്.
2018ലെ മഹാപ്രളയത്തിലും 2017ലെ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിലുമെല്ലാം ഇതുപോലെ വിവേചനപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 2005ൽ നിലവിൽവന്ന ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ഒരു വകുപ്പുമില്ലെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഇനി ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ തന്നെ അതുകൊണ്ട് സംസ്ഥാനത്തിന് സാമ്പത്തികമായി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് ദുരന്തം നേരിടാൻ ശേഷിയില്ലാത്ത സാഹചര്യങ്ങളിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാറെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.
20,000 കോടി രൂപയുടെ നഷ്ടം സംഭവിച്ച മഹാപ്രളയത്തിന് അഞ്ഞൂറ് കോടിയുടെ ഇടക്കാല ആശ്വാസം മാത്രമാണ് കേന്ദ്രം നൽകിയത്. യു എ ഇ പോലുള്ള സൗഹൃദ രാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്നപ്പോൾ കേന്ദ്രം തടസ്സം നിൽക്കുകയും ചെയ്തു. ഓഖി ചുഴലിക്കാറ്റ് കേരള, തമിഴ്‌നാട് തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങളന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്നറിയിക്കുകയും ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയെ വിളിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തില്ല.
ദുരന്തമുണ്ടായാൽ സംസ്ഥാന ദുരന്ത പ്രതികരണ സമിതിയിൽ നിന്നാണ് (എസ് ഡി ആർ എഫ്) ആദ്യം സഹായം നൽകുക. ഗുരുതര സ്വഭാവമുള്ള ദുരന്തമാണെങ്കിൽ പിന്നീട് ദേശീയ ദുരന്തനിവാരണ നിധിയിൽ (എൻ ഡി ആർ എഫ്) നിന്ന് സഹായം അനുവദിക്കും. കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതനുവദിക്കാറ്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ നിവാരണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൂറ് ശതമാനവും കേന്ദ്രം തന്നെ വഹിക്കും. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക മാനദണ്ഡമില്ലെങ്കിലും ദുരന്തത്തിന്റെ ഗൗരവം പരിഗണിച്ച് മുമ്പ് പലപ്പോഴും അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. 2011ൽ ശബരിമലക്കടുത്ത് പുല്ലുമേടിൽ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
ഇതടിസ്ഥാനത്തിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് അവിടെ സംഭവിച്ചത്. മുന്നൂറിലേറെ പേരുടെ ജീവൻ അപഹരിക്കുകയും നൂറോളം പേരെ കാണാതാകുകയും നൂറുകണക്കിന് വീടുകളും കടകളും തുടച്ചെടുക്കുകയും ചെയ്ത മഹാദുരന്തം. സമാനതകളില്ലാത്ത ദുരന്തമാണിതെന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ തന്നെ സമ്മതിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിന്റെ തീവ്രത നേരിട്ട് കണ്ടതുമാണ്. പ്രദേശം സന്ദർശിച്ച കേന്ദ്ര സംഘത്തിനും ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യപിക്കാനും അർഹതപ്പെട്ട സഹായം നൽകാനും വിമുഖത കാണിക്കുന്നു? സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് രണ്ട് തവണയായി 388 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ ഈ തുക പ്ലാനിംഗ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നൽകി വരുന്നതാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട്
നൽകിയതല്ല.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നൽകുന്ന സ്വാഭാവിക സഹായത്തിന് പുറമേ വൻ ദുരന്തങ്ങളുണ്ടാകുമ്പോൾ ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് സഹായം നൽകുക പതിവാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഇവ്വിധം സഹായം നൽകിയിട്ടുമുണ്ട് കേന്ദ്രം. മുണ്ടക്കൈ ദുരന്തത്തിന് ഒരാഴ്ചക്ക് ശേഷം ചെറിയ തോതിലുള്ള പ്രളയദുരിതം നേരിട്ട ത്രിപുരക്ക് ഉടനെ തന്നെ ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് 40 കോടി അനുവദിച്ചിരുന്നു. അവിടെ കേന്ദ്ര സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയോ കണക്കെടുക്കുകയോ വേണ്ടി വന്നില്ല. സംസ്ഥാനം ഭരിക്കുന്നത് ബി ജെ പിയാണെന്നത് മാത്രമാണ് ത്രിപുരയിൽ ധനസഹായത്തിന് കണ്ട അർഹത.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി കൊടുത്തു ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തെ പക്ഷേ, കടമെടുപ്പിന് പോലും വിലങ്ങുനിന്ന് സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കയാണ്. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതു പോലെ കേരളം ഇന്ത്യയിലാണെന്ന് കേന്ദ്രത്തെ ഓർമിപ്പിക്കേണ്ട സ്ഥിതിവിശേഷമാണ്. ഫെഡറൽ മൂല്യങ്ങളുടെ നിരാകരണമാണ് സംസ്ഥാനങ്ങൾക്ക് ധനസഹായവും കേന്ദ്ര പദ്ധതികളും അനുവദിക്കുന്നതിൽ കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കുന്ന പ്രവണത. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്നതാണ് എൻ ഡി ആർ എഫിലടക്കം കേന്ദ്രത്തിന്റെ വശമുള്ള ഫണ്ടുകളെന്ന കാര്യം വിസ്മരിക്കരുത്.