National
അതിഷിക്ക് എതിരെ വിമർശം; പാർട്ടി എം പിയോട് രാജി ആവശ്യപ്പെട്ട് എഎപി
സ്വാതി മാലിവാൾ എഎപിയിൽ നിന്ന് രാജ്യസഭാംഗം ആവുകയും ബിജെപിയുടെ സംവിധാനപ്രകാരം പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് ദിലീപ് പാണ്ഡേ
ന്യൂഡൽഹി | നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയ പാർട്ടി എം പി സ്വാതി മാലിവാളിന്റെ രാജി ആവശ്യപ്പെട്ട് എഎപി. ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് മാലിവാൾ പ്രതികരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് ദിലീപ് പാണ്ഡേ ആരോപിച്ചു.
“സ്വാതി മാലിവാൾ എഎപിയിൽ നിന്ന് രാജ്യസഭാംഗം ആവുകയും ബിജെപിയുടെ സംവിധാനപ്രകാരം പ്രതികരിക്കുകയും ചെയ്യുന്നു. അവർക്ക് അൽപമെങ്കിലും ലജ്ജയുണ്ടെങ്കിൽ, രാജി വെച്ച് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കട്ടെ – ദിലീപ് പാണ്ഡേ ആവശ്യപ്പെട്ടു.
അതിഷിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാലിവാൾ വിവാദ പരാമർശങ്ങൾ നടത്തിയത്. “ഇന്ന് ഡൽഹിക്ക് വളരെ ദുഃഖകരമായ ദിവസമാണെന്നും അതിഷിയുടെ കുടുംബം ഭീകരൻ അഫ്സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ നീണ്ട നിയമപോരാട്ടം നടത്തിയവരാണെന്നുമായിരുന്നു മാലിവാൾ ഒരു സാമൂഹിക മാധ്യമ പോസ്റ്റിൽ ആരോപിച്ചത്
അതിഷിയെ “ഡമ്മി മുഖ്യമന്ത്രി” എന്നുവിളിച്ച മാലിവാൾ, അവളുടെ മാതാപിതാക്കൾ ഒരു രാഷ്ട്രീയ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ആരോപിച്ചു. അഫ്സൽ ഗുരു അവർക്ക് (അതിഷിയുടെ മാതാപിതാക്കൾക്ക്) നിരപരാധിയായിരുന്നു. രാഷ്ട്രീയ ചതിയുടെ ഭാഗമാക്കി ശിക്ഷ നൽകുകയായിരുന്നുവെന്നായിരുന്നു അവരുടെ അഭിപ്രായം. അതിഷി ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആയിട്ടുണ്ടെങ്കിലും, ഇത് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഡൽഹിയെ രക്ഷിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു – മാലിവാൾ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഡൽഹി വിദ്യാഭ്യാസ മന്ത്രി ആയ അതിഷി, ഈ പ്രസ്താവനകളിൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച് മാസത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ബിഭവ് കുമാറിനെതിരെ മാലിവാൾ നടത്തിയ പരാമർശങ്ങൾ വിവാദമായരുന്നു. ബിഭവ് കുമാർ അധിക്ഷേപിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ അവർ എതിർസ്വരമായി മാറിയത്.