Connect with us

congress against bjp

നുപുര്‍ ശര്‍മക്കെതിരായ വിമര്‍ശം; സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് ബി ജെ പി സര്‍ക്കാറിന്റെ അശ്ലീലം: കോണ്‍ഗ്രസ്

കോടതി പരാമര്‍ശം ഭരിക്കുന്ന പാര്‍ട്ടിയെ നാണംകൊണ്ട് തല കുനിപ്പിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരായ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ കണ്ണാടി പിടിക്കുകയാണ് കോടതി ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. നുപുര്‍ ശര്‍മക്കെതിരായ പരാമര്‍ശങ്ങളിലൂടെ കോടതി ചൂണ്ടിക്കാട്ടിയത് സര്‍ക്കാറിന്റെയും ബി ജെ പിയുടേയും അശ്ലീലമാണ്. ഭരിക്കുന്ന പാര്‍ട്ടിയെ നാണംകൊണ്ട് തലകുനിപ്പിക്കുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു.

കോടതി പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്നതാണ്. വര്‍ഗീയവികാരം ഇളക്കി ലാഭമുണ്ടാക്കാന്‍ ബി ജെ പി നിരന്തരം ശ്രമിക്കുന്നതാണ്. ഈ വിഭാഗീയ, വിനാശ ചിന്താഗതികള്‍ക്കെതിരെ പോരാടാനുള്ള ഓരോരുത്തരുടെയും ദൃഢപ്രതിജ്ഞക്ക് ശക്തിപകരുകയാണ് സുപ്രീം കോടതി ചെയ്തത്.

അഹങ്കാരത്തെയും മര്‍ക്കടമുഷ്ടിയേയും തികഞ്ഞ വായാടിത്തത്തെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. നപുര്‍ ഖേദപ്രകടനം നടത്തിയ രീതിയേയും കോടതി വിമര്‍ശിച്ചു. നുപുര്‍ ശര്‍മ ഭീഷണി നേരിടുന്നു എന്നതാണോ, രാജ്യത്തിന് അവര്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കിവെച്ചു എന്നതാണോ ശരിയെന്ന് കോടതി ചോദിച്ചു.
നുപുര്‍ ശര്‍മക്ക് പൊലീസ് നല്‍കിയ പ്രത്യേക പരിഗണനയും കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ബി.ജെ.പി വക്താവിന് ചുവപ്പു പരവതാനി വിരിക്കുകയാണോ ചെയ്തതെന്ന കോടതിയുടെ ചോദ്യം അര്‍ഥവത്താണ്. ബി ജെ പി നേതാക്കളുടെ തലതിരിഞ്ഞ ചിന്താഗതിയുടെ ദൂഷ്യഫലം ഓരോ ഇന്ത്യക്കാരനും അനുഭവിക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest