Kerala
സുപ്രഭാതം പത്രത്തിനെതിരെയും നേതൃത്വത്തിനെതിരെയും വിമര്‍ശനം; ബഹാവുദ്ധീന്‍ നദ്‍വിയോട് ഇ കെ വിഭാഗം വിശദീകരണം തേടി
സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയം മാറ്റത്തെ കുറിച്ച് അടുത്ത മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു നെദ്‍വിയുടെ പരാമർശം.
കോഴിക്കോട് | ഇ കെ വിഭാഗം മുശാവറ അംഗം ബഹാവുദ്ദീന്‍ നദ് വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. സുപ്രഭാതം പത്രത്തിനെതിരെയും നേതൃത്വത്തിനെതിരെയും നടത്തിയ പ്രസ്ഥാവനയിലാണ് നടപടി. പ്രസ്ഥാവനയില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയം മാറ്റത്തെ കുറിച്ച് അടുത്ത മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു നെദ്‍വിയുടെ പരാമർശം. സുപ്രഭാതം ദിനപത്രത്തില്‍ നയം മാറ്റം ഉണ്ടായത് കൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും അദ്ദേഹം സ്വകാര്യ ചാനലുകളിൽ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം നേതൃത്വം നദ്‍വിയോട് വിശദീകരണം തേടിയത്.
സുപ്രഭാതം ചീഫ് എഡിറ്റര്‍ കൂടിയാണ് ബഹാവുദ്ദീന്‍ നദ്‍വി. നദ്‍വിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളും സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് നേരത്തെ തന്നെ വിവാദമായിരുന്നു.