Connect with us

anupama child missing case

ദത്ത് വിവാദം നാണക്കേടായെന്ന് സി പി ഐ എം ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം നഗരസഭക്ക് എതിരേയും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെ നിശ്ചയിച്ചതിലും വിമര്‍ശനം ഉയര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം | അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പാര്‍ട്ടിക്ക് നാണക്കേടായെന്ന് സി പി ഐ എം ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിലാണ് വിമര്‍ശനം ഉണ്ടായത്. ഇന്ന് അവസാനിച്ച ഏരിയാ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് വിമര്‍ശനം ഉന്നയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തിലും അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാവാത്തതും വിമര്‍ശനത്തിന് ഇടയാക്കി. ശിശുക്ഷേമ സമിതിക്കെതിരെ നടപടി ഉണ്ടാവാത്തതും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍, ഈ വിഷയത്തില്‍ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്ന് തന്നെയാണ് പാര്‍ട്ടിയുടെ ആദ്യം മുതലേയുള്ള നിലപാടെന്ന് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ഇക്കാര്യം താന്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

സമ്മേളനത്തില്‍ തിരുവനന്തപുരം നഗരസഭക്ക് എതിരേയും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെ നിശ്ചയിച്ചതിലും വിമര്‍ശനം ഉയര്‍ന്നു. നഗരസഭക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വ്യക്തമായ മറുപടി വേണം. യാതൊരു സംശയവും നഗരഭരണത്തെ സംബന്ധിച്ച ആളുകള്‍ക്ക് ഉണ്ടാവരുത്. അഴിമതി വെച്ച് പൊറുപ്പിക്കരുത്. നഗരസഭയിലെ ഭരണം പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഫലമാണെന്ന് ഓര്‍മ്മ വേണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശനമുണ്ടായി. മന്ത്രിമാര്‍ക്കെല്ലാം രണ്ട് ടേം എന്ന നിബന്ധന വെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ നിര്‍ണ്ണയിക്കുന്നതില്‍ മാത്രം അതുണ്ടായില്ല. മറ്റ് വകുപ്പിലെ പേഴ്‌സനല്‍ സ്റ്റാഫിനെയെല്ലാം രണ്ടാം ഭരണത്തില്‍ മാറ്റിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പേഴസനല്‍ സ്റ്റാഫില്‍ നേരത്തേ ആരോപണ വിധേയരായവര്‍ക്ക് അടക്കം വീണ്ടും നിയമനം നല്‍കി എന്നും സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Latest