congress issue
സംഘടനാ തിരഞ്ഞെടുപ്പിനെതിരായ വിമർശം: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ എസ് യു
സംഘടനാ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് വിമർശമുന്നയിക്കുമ്പോഴും മൂന്ന് സംസ്ഥാന- ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നത് ഇത്തരമൊരു തിരഞ്ഞെടുപ്പ് രീതിയിലൂടെയാണെന്ന് കെ എസ് യു ഓർമിപ്പിച്ചു
കണ്ണൂർ | കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് വിമർശമുന്നയിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത പ്രതികരണവുമായി കെ എസ് യു. കണ്ണൂർ ജില്ലാ നേതൃ ക്യാമ്പിലെ സംഘടനാ പ്രമേയത്തിലാണ് വിമർശകർക്കെതിരെ കുറ്റപ്പെടുത്തലുള്ളത്. സംഘടനാ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് വിമർശമുന്നയിക്കുമ്പോഴും മൂന്ന് സംസ്ഥാന- ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നത് ഇത്തരമൊരു തിരഞ്ഞെടുപ്പ് രീതിയിലൂടെയാണെന്ന് കെ എസ് യു ഓർമിപ്പിച്ചു.
എൻ എസ് യുവിന്റെ തിരഞ്ഞെടുപ്പ് രീതിക്കെതിരെ ശക്തമായ പ്രതിഷേധം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പല തവണയായി ഉന്നയിച്ചിരുന്നു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് രീതിയിൽ കെ എസ് യു പുനഃസംഘടന നടക്കില്ലെന്നും പഴയ കേരള മാതൃകയിൽ പുനഃസംഘടന നടത്താമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പോരായ്മകൾ ഉണ്ടെങ്കിലും പൊതുമധ്യത്തിൽ തിരഞ്ഞെടുപ്പിനെ കുറ്റപ്പെടുത്തി രംഗത്തുവരുന്നത് തിരഞ്ഞെടുപ്പിലൂടെ സ്ഥാനങ്ങളിലെത്തിയിട്ടുള്ള നേതാക്കളെ മോശക്കാരായി ചിത്രീകരിക്കപ്പെടുന്നതിന് തുല്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
അടിയന്തരമായി കെ എസ് യു പുനഃസംഘടന നടത്തണമെന്നും പ്രമേയം നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രായപരിധി പിന്നിട്ട് നിൽക്കുന്ന പല കമ്മിറ്റികളും നിർജീവമാണെന്നും മുൻകാല കമ്മിറ്റികൾ മൂന്ന് വർഷം പിന്നിട്ടപ്പോൾ പുനഃസംഘടനയുടെ വാളോങ്ങിയവരിൽ പലരും ഇപ്പോഴും നേതൃനിരയിൽ ഇരിക്കുന്നത് വലിയ വിരോധാഭാസമാണെന്നും പ്രമേയത്തിൽ പറയുന്നു.
കെ എം അഭിജിത്ത് പ്രസിഡന്റായ നിലവിലുള്ള സംസ്ഥാന കമ്മിറ്റി 2017ലാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്നത്. രണ്ട് വർഷമാണ് കെ എസ് യു കമ്മിറ്റിയുടെ കാലാവധിയെങ്കിലും കൊവിഡും തിരഞ്ഞെടുപ്പുകളും കാരണം പുനഃസംഘടന നീണ്ട് നാല് വർഷം തികഞ്ഞിരിക്കുകയാണ്. കാലാവധി കഴിഞ്ഞപ്പോൾ നിലവിലുള്ള ഭാരവാഹികൾ പുനഃസംഘടനക്കായി എൻ എസ് യു നേതൃത്വത്തിന് കത്ത് നൽകിയെങ്കിലും നീട്ടിനൽകുകയായിരുന്നു. കെ എസ് യുവിന് ജംബോ കമ്മിറ്റി ഒഴിവാക്കി 21 അംഗങ്ങളുടെ കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിലുള്ള കമ്മിറ്റിയിൽ 90 ശതമാനത്തോളം പേർ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് ഒഴിവാക്കപ്പെടും. ആറ് വൈസ് പ്രസിഡന്റുമാർ, 14 ജന. സെക്രട്ടറിമാർ, 16 സെക്രട്ടറിമാർ, 14 ജില്ലാ പ്രസിഡന്റുമാർ എന്നിങ്ങനെ 51 അംഗ കമ്മിറ്റിയാണ് നിലവിലുള്ളത്. ഇത് ഇരുപതായി ചുരുക്കാനാണ് തീരുമാനം. ജില്ലാ പ്രസിഡന്റുമാരിൽ ഭൂരിഭാഗം പേർക്കും പ്രായപരിധി കഴിഞ്ഞിട്ടുണ്ട്.