Kerala
ആര്‍ എസ് എസിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിച്ചാല്‍ ഹിന്ദു, മുസ്ലിം സമൂഹത്തിനെതിരാകില്ല: എം വി ഗോവിന്ദന്‍
യഥാര്‍ഥ വിശ്വാസികള്‍ വര്‍ഗീയവാദത്തിന് എതിര്
കോന്നി | ആര്‍ എസ് എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമര്‍ശിച്ച് സംസാരിച്ചാല്‍ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോന്നിയില്‍ സി പി എം പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസിനെയും എസ് ഡി പി ഐ യെയും ജമാഅത്ത് ഇസ്ലാമിയെയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സി പി എം എതിര്‍ക്കുന്നത്. യഥാര്‍ഥ വിശ്വാസികള്‍ വര്‍ഗീയവാദത്തിന് എതിരാണ്. വര്‍ഗീയ വാദികള്‍ക്ക് വിശ്വാസവുമില്ല. ഇതാണ് യാഥാര്‍ഥ്യം.
കേരളം കണ്ട മഹാപ്രതിഭകളില്‍ ഒന്നാമനായ എം ടി വാസുദേവന്‍ നായരെ വര്‍ഗീയ ശക്തികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ വികലമായ മനസ്സിന്റെ ഭാഗമാണിത്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ സി പി എമ്മിന് എതിരെ ഉണ്ടായാലും സി പി എം ഇല്ലാതെ കേരള ചരിത്രത്തെ നോക്കിക്കാണാന്‍ സാധിക്കില്ലെന്നാണ് എം ടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.