Indian constitution
വിമർശകരുടെ ഉന്നം ന്യൂനപക്ഷമാണ്
കൃഷ്ണദാസിന്റെ പ്രസ്താവനയിൽ ഭരണഘടയിൽ ഉറപ്പു നൽകിയിട്ടുള്ള ഫെഡറൽ സമ്പ്രദായം, മതേതര ജനാധിപത്യം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പിന്നണിയിലുള്ള വിഭാഗങ്ങൾക്കുളള സംവരണം, സോഷ്യലിസം, സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവ ഭരണഘടയിൽ ഉൾപ്പെടുത്തിയതിനെതിരായ വിമർശനമാണുള്ളത്. ഇവയാകെ മാറ്റുമെന്നുള്ള സംഘ്പരിവാർ ആവശ്യവും ഇതിൽ കാണാം.
നമ്മുടെ ഭരണഘടന കാലാകാലങ്ങളിൽ വിമർശനത്തിന് പാത്രമായിട്ടുണ്ട്. ഭരണഘടന രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാക്കി മാറ്റണമെന്ന അഭിപ്രായവും ബഹുജനങ്ങൾക്ക് ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും എടുത്തുകളയണമെന്ന അഭിപ്രായവും എല്ലാം ഈ വിമർശനങ്ങളിൽക്കൂടി ഉയർന്ന് വന്നിട്ടുമുണ്ട്.
ഈ വിമർശനങ്ങളെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലുള്ള ഭരണഘടന ജനാധിപത്യവും ഫെഡറലിസവും ഭരണസംവിധാനവും നിലനിർത്താൻ പര്യാപ്തമാണെന്നാണ് രാജ്യത്തെ ജനത കരുതുന്നത്. ഭരണഘടനക്കെതിരായ വെല്ലുവിളികളെ ചെറുക്കാൻ രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളും ഇടത് ബഹുജനപ്രസ്ഥാനങ്ങളുമെല്ലാം എക്കാലവും രംഗത്ത് വന്നിട്ടുമുണ്ട്.
രാജ്യത്ത് ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഭരണകക്ഷിയായ ബി ജെ പിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് വളരെ വിവാദമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടന സംഘ്പരിവാറിന്റെ സമീപനങ്ങൾക്കനുസൃതമായി മാറ്റണമെന്നുള്ളത് ഭരണകക്ഷിയുടെ ലക്ഷ്യമാണ്. ഇത് തന്നെയാണ് പി കെ കൃഷ്ണദാസിന്റെ പ്രസ്താവനയിൽ കൂടി പുറത്തുവന്നിരിക്കുന്നതും.
വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. സജി ചെറിയാൻ പറഞ്ഞതും ഗോൾവാൾക്കാർ വിചാരധാരയിൽ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം വിവരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിലാണ് പി കെ കൃഷ്ണദാസ് ഈ പരാമർശങ്ങൾ നടത്തിയത്. വിചാരധാര പറഞ്ഞ് വെച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാറാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലക്കുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാം. ഭരണഘടനയിൽ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപ്പങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സജി ചെറിയാൻ ഭരണഘടനയുടെ അസ്ഥിത്വത്തെ തന്നെ നിരാകരിക്കുന്നു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ ഭരണഘടനയെ തൊട്ടു പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും അദ്ദേഹം തള്ളിപ്പറയുന്നു. എന്നാൽ ഗോൾവാൾക്കർ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. അത് ബ്രിട്ടീഷുകാർ നിർമിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഭരണഘടനാ ശിൽപ്പികളോട് അത്യന്തം ബഹുമാനവും പങ്കുവെച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ ഉള്ളടക്കത്തിൽ ധാരാളം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ആവശ്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയത് ഗോൾവാക്കറുടെ കൂടി ആശയഗതി അനുസരിച്ചാണ്. ആ നിലക്കുള്ള ഭേദഗതി ഇനിയും പ്രതീക്ഷിക്കാം. വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. സർക്കാർ മതകാര്യങ്ങളിലോ, മതങ്ങൾ സർക്കാർ കാര്യങ്ങളിലോ ഇടപെടാൻ പാടില്ലെന്നുള്ളതാണ് യഥാർഥ മതേതരത്വം. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടം മതകാര്യങ്ങളിൽ ഇടപെടുകയും മതാധിഷ്ടിതമായ സംവരണങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് മാറ്റണം. സിവിൽ നിയമങ്ങളിൽ മതപരമായ നിയമങ്ങൾ അനുവദിക്കുന്നത് മതേതര വിരുദ്ധമാണ്. ഏക സിവിൽകോഡാണ് (Uniform Civil Code) മതേതരത്വം.
സോഷ്യലിസം ഇന്ത്യക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സർവോദയവും ദീൻദയാൽ വിഭാവനം ചെയ്ത അന്ത്യോദയവുമാണ് നമ്മുടെ സാമൂഹിക നീതി സങ്കൽപ്പമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയെന്നാൽ യൂനിയൻ സ്റ്റേറ്റ് എന്ന ഭരണഘടയുടെ പ്രഖ്യാപനവും തെറ്റാണ്. സ്റ്റേറ്റുകളുടെ യൂനിയനല്ല ഇന്ത്യ. മറിച്ച് ആസേതു ഹിമാചലം ഒറ്റ രാഷ്ട്രമാണ്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ മുത്തുകൾ കോർത്ത മാല പോലെ കോർത്തെടുത്ത ഏകരാഷ്ട്രം. ഇത്തരത്തിൽ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങൾ ഭേദഗതി ചെയ്യണം. പക്ഷേ ഒറ്റയടിക്കല്ല, ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നത് അനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായ ഭേദഗതികൾ അനിവാര്യമാണെന്ന് കൃഷ്ണദാസ് പറയുന്നു.
കൃഷ്ണദാസിന്റെ പ്രസ്താവനയിൽ ഭരണഘടയിൽ ഉറപ്പു നൽകിയിട്ടുള്ള ഫെഡറൽ സമ്പ്രദായം, മതേതര ജനാധിപത്യം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പിന്നണിയിലുള്ള ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങൾക്കുളള സംവരണം, സോഷ്യലിസം, സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവ ഭരണഘടയിൽ ഉൾപ്പെടുത്തിയതിനെതിരായ ശക്തമായ വിമർശനമാണുള്ളത്. ഇവയാകെ മാറ്റുമെന്നുള്ള സംഘ്പരിവാർ ആവശ്യവും ഇതിൽ കാണാം.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതേതര ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷ ഘടകങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യകമായി പിന്താങ്ങുകയോ ഏതെങ്കിലും മതത്താൽ നിയന്ത്രിക്കപ്പെടാൻ സമ്മതിച്ചുകൊടുക്കുകയോ ചെയ്യുന്നതല്ല. ഓരോരുത്തരും പിന്തുടരാൻ തിരഞ്ഞെടുക്കപ്പെടുന്ന മതം ഏതായാലും അത് പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം രാഷ്ട്രം എല്ലാവർക്കും ഉറപ്പ് നൽകുന്നു. തങ്ങളുടെ മതപരമായ വിശ്വാസ അനുഷ്ഠാനത്തിന്റെ പേരിൽ യാതൊരുത്തനും മുൻഗണനാപരമായ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. താന്താങ്ങൾ അവലംബിച്ചിരിക്കുന്ന മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ രാഷ്ട്രം യാതൊരു പൗരനോടും യാതൊരു വിവേചനവും കാട്ടുന്നതല്ല.
ആധുനിക ഭരണഘടനാ തത്ത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറൽ സമ്പ്രദായം. ലോകമെങ്ങും തന്നെ വിവിധ ലക്ഷ്യങ്ങളോടും താത്പര്യങ്ങളോടും പാരമ്പര്യങ്ങളോടും കൂടി ജീവിച്ചു പോരുന്ന ജനസമൂഹങ്ങൾക്ക് പൊതുവായ ലക്ഷ്യങ്ങളും താത്പര്യങ്ങളും തേടാനും പൊതുവായ പാരമ്പര്യങ്ങൾ വളർത്തിയെടുക്കാനുമുള്ള സംരംഭത്തിൽ എത്തിച്ചേർന്ന് പ്രവർത്തിക്കാനും പറ്റിയ ഒരേയൊരു രാഷ്ട്രീയ സംഘടനാ മാതൃക അത് മാത്രമാണ്. ഫെഡറൽ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യം വൈവിധ്യത്തിൽ ഏകത്വവും, അധികാരങ്ങളുടെ ക്ലിപ്തതയും ഭരണത്തിന്റെ വികേന്ദ്രീകരണവുമാണ്. താന്താങ്ങളുടെ പ്രവർത്തന മേഖലകളിൽ പരസ്പരം സ്വതന്ത്രമായ രണ്ട് തരം ഗവൺമെന്റുകൾ തമ്മിൽ – കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും – അധികാരം വിഭജിക്കപ്പെടുന്ന സമ്പ്രദായമാണ് അതിന്റെ അടിസ്ഥാന സ്വഭാവ വിശേഷം. ഒരു പുതിയ ഐക്യഭാരതത്തിന്റെ ഭരണഘടന വാർത്തെടുക്കാനുള്ള ശ്രമത്തിൽ തങ്ങളെ അഭിമുഖീകരിച്ച നിരവധി പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഭരണഘടനാ നിർമാതാക്കൾ ഫെഡറൽ സമ്പ്രദായം അംഗീകരിച്ചത്.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നമ്മുടെ ഭരണഘടനയുടെ നട്ടെല്ലാണ്. പ്രസംഗിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലികാവകാശം പോലെതന്നെ മതപരമായ അസ്സോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള അവകാശവും ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനാ നിർമാണ സഭ മതന്യൂനപക്ഷങ്ങളിൽ പൂർണ വിശ്വാസം ജനിപ്പിക്കാനുള്ള ശ്രമത്തിൽ അത്തരം വ്യവസ്ഥകൾകൊണ്ടുമാത്രം തൃപ്തിപ്പെട്ടില്ല. അത് ഒരുപടി കൂടി മുന്നോട്ടുപോയി മതസ്വാതന്ത്ര്യാവകാശത്തെപ്പറ്റി മാത്രം പ്രതിപാദിക്കുന്ന വകുപ്പുകളുടെ പ്രത്യേക വിഭാഗം തന്നെ അംഗീകരിച്ചു. ആർട്ടിക്കിൾ 25, 26, 27, 28 എന്നിവയിൽ വ്യവസ്ഥ ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് പൂർണ സംതൃപ്തി ഉളവാക്കുമാറ് ഏറ്റവും ഉദാരമായ വിധത്തിലുള്ളതാണ്. അവ യഥാർഥത്തിൽ ഭരണഘടനാ നിർമാണസഭ നിയമിച്ച ന്യൂനപക്ഷ കമ്മിറ്റിയിൽ മിക്കവാറും ഏകകണ്ഠമായി ഉണ്ടായ ധാരണയുടെ ഫലമത്രെ.
സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള എല്ലാ പൗര വിഭാഗത്തിനും സ്വന്തമായുള്ള പ്രത്യേകമായ ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള അവകാശം ആർട്ടിക്കിൾ 29, ഒന്നാം ഉപവകുപ്പിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. രണ്ടാം ഉപവകുപ്പ് സർക്കാർ ഉടമയിലുള്ളതോ സർക്കാർ സഹായത്തിലുള്ളതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജാതി-മത-ഭാഷാ വർഗങ്ങളുടെയോ അവയിൽ ഏതെങ്കിലും ഒന്നിന്റെയോ അടിസ്ഥാനത്തിൽ മാത്രമുള്ള ഏത് വിവേചനത്തെയും നിരോധിക്കുന്നു. എല്ലാ ന്യൂനപക്ഷങ്ങൾക്കും സ്വഹിതമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അതിന് നേതൃത്വം കൊടുക്കാനും അവകാശമുണ്ടെന്ന് ആർട്ടിക്കിൾ 30 അടിവരയിട്ട് പറയുന്നുണ്ട്.
1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം അടിസ്ഥാന തത്ത്വമായി ഭരണഘടനയിൽ സ്ഥാനം പിടിച്ചത്. അതുവരെ “സോഷ്യലിസ്റ്റ്’ എന്ന പദം ഭരണഘടനയിൽ ഒരിടത്തും ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ ഭരണഘടനയുടെ നാലാം അധ്യായമായ നിർദേശക തത്ത്വങ്ങളിൽ പ്രകടമായിത്തന്നെ കാണാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1954ൽ പാർലിമെന്റ് “സോഷ്യലിസ്റ്റ് സാമൂഹിക ക്രമം’ എന്ന (Socialist Pattern of Society) ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചത്. 42ാം ഭരണഘടനാ ഭേദഗതിയോടുകൂടി സോഷ്യലിസം എന്ന അടിസ്ഥാന തത്ത്വം പ്രത്യക്ഷമായിത്തന്നെ ഭരണഘടനയിൽ സ്ഥാനം പിടിച്ചു.
ഭരണഘടനാ ശിൽപ്പികൾ വലിയ പ്രതീക്ഷയോടുകൂടി രാജ്യത്തെ മൗലിക നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതരത്വത്തോടും ഫെഡറൽ സമ്പ്രദായത്തോടും മതസ്വാതന്ത്ര്യത്തോടും പിന്നാക്കം ജനവിഭാഗങ്ങളുടെ സംവരണത്തോടും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശങ്ങളോടും സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയോടും മറ്റും പി കെ കൃഷ്ണദാസിനും അദ്ദേഹത്തിന്റെ പാർട്ടിക്കുമുള്ള ശക്തമായ എതിർപ്പ് പുതിയ സംഭവമൊന്നുമല്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ നിന്നും സി ബി എസ് ഇ സിലബസ്സിൽ നിന്നും മറ്റും ഇതിനകം തന്നെ ജനാധിപത്യവും സോഷ്യലിസവും ഫെഡറലിസവും മതേതരത്വവുമെല്ലാം മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. ഭരണഘടനയിലടക്കം അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിനുള്ള ഭരണകക്ഷിയുടെ റിഹേഴ്‌സലായി മാത്രമാണ് ഇതിനെ അന്ന് ജനങ്ങൾ കണ്ടതും.
മതകാര്യങ്ങളിൽ സർക്കാർ ഇടപെടരുതെന്ന് കൃഷ്ണദാസ് പറയുന്നത് മതപരമായ അവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്നതിനെതിരെയും ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തുന്നതിനും എതിരായാണ്. ഏകീകൃത സിവിൽ നിയമം കൊണ്ടുവന്ന് ന്യൂനപക്ഷങ്ങളുടെ നിലവിലുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണ് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ലക്ഷ്യം.
കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത് ഗോൾവാൾക്കാറുടെ ആശയത്തിന് അനുസരിച്ചാണെന്ന് പറയുന്ന കൃഷ്ണദാസ് ഈ രീതിയിലുള്ള ഭരണഘടനാ ഭേദഗതികൾ ഇനിയും ഉണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾ നിലവിലുള്ള ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രവർത്തനത്തിലും പ്രക്ഷോഭണത്തിലുമാണിന്ന്. ഭരണഘടനയെ തച്ചു തകർക്കാൻ ഭരണത്തിലുള്ളവർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ രാജ്യവും ജനതയും മനസ്സിലാക്കി കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനക്കെതിരായ സംഘ്പരിവാറിന്റെ കരുനീക്കങ്ങളിൽ ഒന്നായി മാത്രമേ പി കെ കൃഷ്ണദാസിന്റെ പ്രസ്താവനയെ കാണാൻ കഴിയുകയുള്ളൂ.
(ലേഖകൻ കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്. ഫോൺ നമ്പർ : 9847132428)