Articles
വിമർശകരുടെ വായ്മൂടിക്കെട്ടാനാകില്ല
'ദി വയര്‍' ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ യോഗി ആതിദ്യനാഥ് ഭരണകൂടം സ്വീകരിച്ച പ്രതികാര നടപടിയുടെ മുനയൊടിച്ചിരിക്കുന്നു കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ നേരായ പ്രയോഗം ശീലമാക്കിയ മാധ്യമമാണ് ദി വയര്‍.
ഭരണകൂട വിമര്‍ശം നടത്തുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമം പലവിധേനെ നടക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പുകമറ സൃഷ്ടിച്ച് റെയ്ഡ് നടത്തിയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചുമൊക്കെയാണ് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതില്‍ ദേശസുരക്ഷയെ ആയുധമാക്കിയുള്ള പ്രതികാര നടപടികള്‍ ലളിതവും മുഖ്യധാരാ പൊതുബോധത്തെ എളുപ്പം തൃപ്തിപ്പെടുത്തുക വഴി എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയുന്നതുമാണ്. ‘ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ യോഗി ആതിദ്യനാഥ് ഭരണകൂടം സ്വീകരിച്ച അത്തരമൊരു പ്രതികാര നടപടിയുടെ മുനയൊടിച്ചിരിക്കുന്നു കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ നേരായ പ്രയോഗം ശീലമാക്കിയ മാധ്യമമാണ് ദി വയര്‍. പൊതുജനം അറിയരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന പലതും തുറന്നുപറയുന്ന ഓണ്‍ലൈന്‍ മാധ്യമമെന്ന നിലയില്‍ ഭരണകൂട വേട്ടയാടല്‍ അതിജീവിക്കാന്‍ കഴിഞ്ഞു ദി വയറിന് എന്നതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
ഡല്‍ഹിയില്‍ 2021ലെ റിപബ്ലിക് ദിനത്തില്‍ അരങ്ങേറിയ കര്‍ഷക പ്രക്ഷോഭത്തില്‍ നവ്റീത് സിംഗ് ദിബ്ദിബിയ എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച ദി വയറിന്റെ റിപോര്‍ട്ടാണ് ഉത്തര്‍ പ്രദേശ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. കര്‍ഷകന്റെ മരണം വെടിയുണ്ടയേറ്റാണെന്നായിരുന്നു ദി വയറിന്റെ ട്വീറ്റ്. കൊല്ലപ്പെട്ട കര്‍ഷക പ്രക്ഷോഭകന്റെ മുത്തച്ഛന്‍ ദി വയര്‍ റിപോര്‍ട്ടര്‍ ഇസ്മത് അറയോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രസ്തുത ട്വീറ്റ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മെഡിക്കല്‍ സംഘത്തിലെ ഒരു ഡോക്ടര്‍ തന്നോട് അക്കാര്യം പറഞ്ഞുവെന്ന ഇരയുടെ മുത്തച്ഛന്റെ വെളിപ്പെടുത്തല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു ദി വയര്‍. പക്ഷേ, യു പി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ മാധ്യമ പ്രവര്‍ത്തനമായിപ്പോയി അതെന്നതിനാല്‍ രാജ്യത്തിന്റെ അഖണ്ഡതയുടെ മേമ്പൊടി ചേര്‍ത്ത് റാംപൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദേശീയ അഖണ്ഡതയെ ദോഷകരമായി ബാധിക്കുന്ന അപവാദ പ്രചാരണം എന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153(ബി) വകുപ്പ് പ്രകാരവും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്ന നടപടിയായി കണ്ട് ഐ പി സിയിലെ തന്നെ 505(രണ്ട്) വകുപ്പും ചേര്‍ത്താണ് കേസെടുത്തിരുന്നത്.
പ്രസ്താവിത ട്വീറ്റിലൂടെയും കര്‍ഷകന്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലൂടെയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുക മാത്രമല്ല, പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ സംഘത്തിന് മാനഹാനി ഉണ്ടാക്കുക കൂടെ ചെയ്തെന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതിന് ഉത്തര്‍ പ്രദേശ് ഭരണകൂടം ചമച്ചുണ്ടാക്കിയ ന്യായം. കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടതാണെന്ന് ഡോക്ടര്‍ പറഞ്ഞു എന്ന ഇരയുടെ മുത്തച്ഛന്റെ വാദം തള്ളിയെന്നും മാധ്യമങ്ങളുള്‍പ്പെടെ ആരോടും ഡോക്ടര്‍മാര്‍ അത്തരത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണം മെഡിക്കല്‍ സംഘത്തിന്റെ പേരിലും യു പി പോലീസ് നല്‍കിയിരുന്നു. എന്നാല്‍, ഇരയുടെ കുടുംബത്തിന്റെ ഭാഷ്യം റിപോര്‍ട്ട് ചെയ്യുക മാത്രമാണ് ദി വയര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും റിപോര്‍ട്ടര്‍ ഇസ്മത് അറക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ദി വയറിനും മൂന്ന് റിപോര്‍ട്ടര്‍മാര്‍ക്കും നിയമ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉത്തരവ് 2021 സെപ്തംബര്‍ എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലിലെ റിപോര്‍ട്ടുകളുടെ പേരില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു യു പി പോലീസ്. അതില്‍ ഇടക്കാല സംരക്ഷണം തേടി സുപ്രീം കോടതിയെ സമീപിച്ചതില്‍ രണ്ട് മാസത്തേക്ക് നിയമ നടപടികളില്‍ നിന്നുള്ള സംരക്ഷണത്തിന് ഉത്തരവിടുകയായിരുന്നു പരമോന്നത നീതിപീഠം.
അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വായ്മൂടിക്കെട്ടാനാകില്ലെന്ന നിരീക്ഷണം നടത്തിയ സുപ്രീം കോടതി, എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ നേരിട്ട് വിഷയം പരിശോധിക്കുന്നത് പണ്ടോറ ബോക്സ്(ഗ്രീക്ക് മിഥോളജി പ്രകാരം ‘തിന്മപ്പെട്ടി’) തുറക്കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകള്‍ റദ്ദാക്കാന്‍ ഹരജിക്കാര്‍ക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന വിധി പ്രസ്താവം സുപ്രീം കോടതി നടത്തിയത്.
ദി വയറിനെതിരെയുള്ള ഉത്തര്‍ പ്രദേശ് ഭരണകൂടത്തിന്റെ നടപടികള്‍ നിയമവിരുദ്ധവും സ്വേഛാപരവുമാണെന്ന കൃത്യമായ സന്ദേശം നല്‍കുകയായിരുന്നു പണ്ടോറ ബോക്സ് പ്രയോഗത്തിലൂടെ പരമോന്നത നീതിപീഠം. അതേ ദിശയില്‍ ഭരണഘടനാ പൊരുളറിഞ്ഞ വിധിയാണ് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയതിലൂടെ അലഹബാദ് ഹൈക്കോടതി നടത്തിയിരി
ക്കുന്നതും.
പൊതുബോധ നിര്‍മിതിയെ സ്വാധീനിക്കുക വഴി പൗരസമൂഹത്തിന്റെ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്ക് കൂടെ വളരുന്നതാണ് മാധ്യമ സ്വാതന്ത്ര്യം. അത് ഒരേസമയം മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വെന്ന് പരമോന്നത നീതിപീഠം തന്നെ സാക്ഷ്യപ്പെടുത്തിയ വിയോജന സ്വാതന്ത്ര്യത്തിലേക്കുള്ള തുറവിയുമാണ്. അതിനാല്‍ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധവും ജനതാത്പര്യത്തെ ഹനിക്കുന്നതുമായ നടപടികളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി ഏകാധിപത്യത്തിലേക്കുള്ള സഞ്ചാരമാണ്.
ഭരണകൂടത്തിന്റെ ജനവിരുദ്ധ സമീപനങ്ങളെ തുറന്നുകാട്ടുന്ന മാധ്യമങ്ങളുടെ വംശം നമ്മുടെ ജനാധിപത്യത്തിന് തന്നെ ഭീഷണമാം വിധം കുറഞ്ഞുകൊണ്ടിരിക്കുന്ന പതിത കാലത്ത് ഒരു മാധ്യമത്തെയെങ്കിലും താങ്ങിനിര്‍ത്തുന്ന കോടതി വിധിക്ക് വലിയ പ്രസക്തിയുണ്ട്.