Connect with us

Qatar World Cup 2022

ഖത്വര്‍ ലോകകപ്പില്‍ ആദ്യ ജയവുമായി ക്രൊയേഷ്യ; കാനഡയെ തകര്‍ത്തു

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.

Published

|

Last Updated

ദോഹ | കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ഞെട്ടിച്ചെങ്കിലും കാനഡയെ തകര്‍ത്ത് ക്രൊയേഷ്യ. കഴിഞ്ഞ തവണ മൊറോക്കോയോട് സമനില വഴങ്ങിയ ക്രൊയേഷ്യ, ഖത്വര്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം. ആന്ദ്രെ ക്രമാരിച്ച് ഇരട്ടഗോള്‍ നേടി.

രണ്ടാം മിനുട്ടില്‍ കാനഡയാണ് ഗോളടിക്ക് തുടക്കമിട്ടത്. അല്‍ഫോന്‍സോ ഡേവീസ് ആണ് ഉഗ്രന്‍ ഹെഡറിലൂടെ ക്രൊയേഷ്യന്‍ വല കുലുക്കിയത്. ടാജോന്‍ ബുചാനാനിന്റെ ക്രോസ്സിന് തലവെക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ആദ്യ പകുതിയില്‍ തന്നെ ക്രൊയേഷ്യ സമനിലയും ലീഡും പിടിച്ചു. 36ാം മിനുട്ടില്‍ ആന്ദ്രെ ക്രമാരിച്ച് ആണ് ഇടങ്കാലന്‍ ഷോട്ടിലൂടെ സമനില ഗോള്‍ നേടിയത്. ഇവാന്‍ പെരിസിച്ചിന്റെ അസിസ്റ്റില്‍ ദുര്‍ഘടമായ ഒരു പൊസിഷനില്‍ നിന്നായിരുന്നു ഷോട്ട്. 44ാം മിനുട്ടില്‍ മാര്‍കോ ലിവായ ലീഡ് ഗോള്‍ നേടി. ജോസിപ് യുനാനോവിച്ചായിരുന്നു അസിസ്റ്റ്.

70ാം മിനുട്ടിലാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോള്‍ പിറന്നത്. സൂപ്പര്‍ താരം ലൂക മോഡ്രിച്ചിന്റെ ക്രോസ്സില്‍ ആന്ദ്രെ ക്രമാരിച്ച് ഗോള്‍ നേടുകയായിരുന്നു. ഇഞ്ചുറി ടൈമിൻ്റെ നാലാം മിനുട്ടിലാണ് സുന്ദരമായ മുന്നേറ്റത്തിലൂടെ ക്രൊയേഷ്യ നാലാം ഗോളടിച്ചത്. ലോവ്റോ മേയിർ ആയിരുന്നു സ്കോറർ. ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡുകളൊന്നും റഫറി ആന്ദ്രെ മറ്റോന്റെ പൊക്കിയില്ലെങ്കിലും രണ്ടാം പകുതിയില്‍ നാല് കാര്‍ഡുകള്‍ അദ്ദേഹത്തിന് ഉയര്‍ത്തേണ്ടിവന്നു. പന്തടക്കത്തിൽ ഇരുടീമുകളും തുല്യത പാലിച്ചെങ്കിലും എതിരാളിയുടെ ഗോൾമുഖത്തേക്ക് ഷോട്ട് പായിക്കുന്നതിൽ ക്രൊയേഷ്യയായിരുന്നു ഏറെ മുന്നിൽ. തുടർച്ചയായ രണ്ട് പരാജയത്തോടെ കാനഡ ലോകകപ്പിൽ നിന്ന് പുറത്താകും.

Latest