Connect with us

aathmeeyam

വളഞ്ഞു വളരുന്ന മരങ്ങൾ

സൂര്യപ്രകാശത്തിനു നേരെ വളരുന്ന ചെടികളെ പോലെയാണ് മനുഷ്യമനസ്സ്. ആനന്ദവും ആസ്വാദനവും ലഭിക്കുന്നിടങ്ങളിലേക്ക് അത് ചാഞ്ഞ് കൊണ്ടിരിക്കും. സ്ത്രീ പുരുഷൻമാരെ സ്രഷ്ടാവ് പടച്ചത് പരസ്പരം ചായുന്ന പ്രകൃതത്തിലാണ്.

Published

|

Last Updated

സൂര്യപ്രകാശത്തിനു നേരെ വളരുന്ന ചെടികളെ പോലെയാണ് മനുഷ്യമനസ്സ്. ആനന്ദവും ആസ്വാദനവും ലഭിക്കുന്നിടങ്ങളിലേക്ക് അത് ചാഞ്ഞ് കൊണ്ടിരിക്കും. സ്ത്രീ പുരുഷൻമാരെ സ്രഷ്ടാവ് പടച്ചത് പരസ്പരം ചായുന്ന പ്രകൃതത്തിലാണ്. കേൾക്കാൻ തയ്യാറുള്ള, പരിഗണിക്കാൻ മനസ്സ് വെക്കുന്ന, പറയുന്ന കാര്യങ്ങളെ മുഖവിലക്കെടുക്കുന്ന, തന്നോട് ഇഷ്ടം കാണിക്കുന്നവരിലേക്ക് മനസ്സ് അടുക്കും. അതിനു പണമോ പ്രായമോ പ്രതാപമോ തടസ്സമാകാറില്ല.
മനുഷ്യന്റെ ജൈവിക തൃഷ്ണയാണ് വൈകാരികത. അതിന് ശമനം ലഭിക്കുന്ന മാർഗങ്ങളിലേക്ക് മനസ്സ് ദാഹിച്ചുകൊണ്ടിരിക്കും. മനുഷ്യമനസ്സിലേക്ക് പിശാചിന് പ്രവേശിക്കാനുള്ള വഴിയൊരുക്കുന്നത് ദുഷിച്ച വൈകാരിക ചിന്തയാണ്.

ഹൃദയത്തിലേക്ക് പിശാചിന് എളുപ്പം കടക്കാനുള്ള കവാടം കാമമാണെന്ന് ഇമാം ഗസാലി(റ) പറഞ്ഞിട്ടുണ്ട്. (ഇഹ്‌യാ) ഹൃദയമെന്ന മനുഷ്യസിംഹാസനത്തെ സ്വാധീനിക്കാൻ പിശാചിന് സാധിച്ചാൽ ജീവിതം പരമാവധി ആനന്ദിക്കാനും ആസ്വദിക്കാനുമുള്ള വഴികൾ അവൻ മന്ത്രിച്ചുകൊടുക്കും. അങ്ങനെ മനുഷ്യൻ പിശാചിന്റെ ചതിക്കുഴിയിൽ വീഴുകയും തിന്മകളുടെ ഉപാസകരായി മാറുകയും ചെയ്യും. വഴിവിട്ട മാർഗങ്ങളിലൂടെയുള്ള ആനന്ദവും സുഖവും മനുഷ്യനെ സർവനാശത്തിലെത്തിക്കും.

പിശാചിന് മനുഷ്യ മനസ്സ് എളുപ്പം കീഴടക്കാനാവും. കാരണം അത് അത്ര ദുർബലമാണ്. അല്ലാഹു പറയുന്നു: “ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌”. (ഖുർആൻ: 4/28) ചപലമായ മനസ്സിനെ ഇച്ഛാശക്തിയിലൂടെ വരുതിയില്‍ നിര്‍ത്താൻ സാധിക്കുന്നവർക്കാണ് ശാശ്വത വിജയം വരിക്കാൻ സാധിക്കുന്നത്. ഒരാൾ തിരുനബി(സ)യെ സമീപിച്ച് പ്രാര്‍ഥനകള്‍ പറഞ്ഞു തരാൻ ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് ഇങ്ങനെ പഠിപ്പിച്ചു: “അല്ലാഹുവേ… എന്റെ മനസ്സിന്റെ തിന്മയില്‍ നിന്ന് എനിക്ക് നീ കാവല്‍ നല്‍കേണമേ’. (തിര്‍മിദി) മഹാനായ അബ്ദുർറസാഖ് അൽ ബദർ പറയുന്നു: എന്തൊന്നിലേക്കാണോ മനുഷ്യന്റെ മനസ്സ് ചായുന്നത്, അതിലേക്ക് പിശാച് അവന്റെ മനസ്സിനെ അടുപ്പിക്കും. (അദ്ദാഉ വദ്ദവാ)
മനുഷ്യന്റെ നൈസർഗിക വികാരത്തെ ഉൾക്കൊള്ളുകയും പ്രകൃതിപരവും അനുവദനീയവുമായ മാർഗങ്ങളിലൂടെ അത് പൂർത്തീകരിക്കുകയും ചെയ്യുന്നതിനാണ് വിവാഹത്തെ മതം നിയമമാക്കിയത്. ശരിയായ വഴികളിലൂടെയുള്ള ബന്ധങ്ങളാണ് സദാചാരവും കുടുംബ ഭദ്രതയും നിലനിൽത്തുന്നത്. നിഷിദ്ധമായ കാര്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള സർവ മാർഗങ്ങളെയും ഇസ്്ലാം അടക്കുന്നുണ്ട്.

സ്ത്രീയും പുരുഷനും സംസാരത്തിലും സഞ്ചാരത്തിലും സഹവാസത്തിലുമെല്ലാം തനിച്ചാവരുതെന്നത് മതത്തിന്റെ കണിശമായ നിയമമാണ്. കാരണം, അത്തരം സാഹചര്യങ്ങളിൽ മൂന്നാമനായി പിശാച് ഉണ്ടാകുമെന്ന് തിരുനബി(സ്വ)യുടെ വചനങ്ങളിൽ കാണാം. “ഒരു സ്ത്രീയും പുരുഷനും ഒറ്റക്ക് ആകുന്നില്ല, അവരുടെ ഇടയില്‍ മൂന്നാമനായി പിശാച് ഉണ്ടായിക്കൊണ്ടല്ലാതെ’. (തിർമിദി) സ്ത്രീ തനിച്ച് യാത്ര ചെയ്യരുതെന്നും അത്തരം സാഹചര്യങ്ങളിൽ പിശാച് പ്രതീക്ഷ വെക്കുമെന്നും ഹദീസിൽ കാണാം (തിർമിദി). സൂഫിയാക്കളിൽ പ്രധാനിയായ സുഫ് യാനു സൗരി(റ) പറയുന്നു: ‘ഒരു വീട് നിറയെ പണം (സംരക്ഷിക്കാൻ) എന്നെ ഏൽപ്പിച്ചു കൊള്ളുക. (ഞാൻ അത് കാത്തുകൊള്ളാം). എന്നാൽ എനിക്ക് അനുവദീനയമല്ലാത്ത ഒരു കറുത്ത വേലക്കാരിയെ (സംരക്ഷിക്കാൻ) എന്നെ ഏൽപ്പിക്കരുത്. കാരണം നാശത്തിൽ അകപ്പെടാൻ ഇടവരും’.

സ്ത്രീ പുരുഷ സുരക്ഷക്കും അവകാശങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയ മതമാണ് ഇസ്്ലാം. സുരക്ഷയുടെ ഭാഗമായി മാന്യമായ വസ്ത്രധാരണ രീതി ശീലിക്കാൻ ഇരുവരോടും അല്ലാഹു പറയുന്നു: ” ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാന്‍ ഉതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ, അതാണ് കൂടുതല്‍ ഉത്തമം’ (ഖുര്‍ആന്‍ 7: 26). സ്ത്രീകളോട് ശരീരം മുഴുവന്‍ മറയ്ക്കാന്‍ പറയുന്നതോടൊപ്പം തൊലിയുടെ നിറവും ആകാര ഭംഗിയും പ്രകടമാക്കുന്ന ഉടയാടകളും ഇറുകിയതും ലൈംഗിക വികാരമുണര്‍ത്തുന്നതുമായ വേഷങ്ങളും ഒഴിവാക്കാനും ഇസ്്ലാം പറയുന്നുണ്ട്. സ്ത്രീ കളോടുള്ള പെരുമാറ്റത്തിൽ പുരുഷന്മാരും ചില മര്യാദകൾ പാലിക്കണമെന്ന് മതം പറയുന്നു. “(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖുർആന്‍: 24/30)
മനുഷ്യന്റെ മുഖ്യശത്രുവായ പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവന്റെ കെണിയില്‍ വീഴരുതെന്നും വിശുദ്ധ ഖുർആന്‍ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. “അല്ലയോ വിശ്വാസികളേ, നിങ്ങള്‍ പിശാചിന്റെ പാത പിന്തുടരരുത്. പിശാചിന്റെ കാലടികള്‍ പിന്തുടരുന്നത് ആരാണോ അവന്‍ കരുതിക്കൊള്ളട്ടെ, പിശാച് അശ്ലീലതക്കും തിന്മക്കും പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ ഒരാളും സംസ്‌കരിക്കപ്പെടുമായിരുന്നില്ല. എന്നാല്‍, അല്ലാഹുവാണ് അവന്‍ ഇഛിക്കുന്നവരെ സംസ്‌കരിക്കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (അന്നൂര്‍: 21).

Latest