Ongoing News
വനിതാ പ്രീമിയർ ലീഗിൽ കോടികളുടെ കിലുക്കം
സമൃതി മന്ദാന, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗ്രസ്, ഹര്‍മന്‍പ്രിത് കൗർ മൂല്യമേറിയ ഇന്ത്യൻ താരങ്ങൾ
മുംബൈ | പുരുഷന്‍മാരുടെ പ്രിമിയര്‍ ലീഗിനു പുറമമെ, വനിതാ പ്രീമിയര്‍ ലീഗിലും കോടികളുടെ കിലുക്കം. ഇന്ത്യന്‍ ഓപണര്‍ സമൃതി മന്ദാനക്കാണ് ഡബ്ല്യു പി എല്‍ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യം ലഭിച്ചത്. 3.40 കോടി രൂപക്കാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മന്ദാനയെ സ്വന്തമാക്കിയത്.
മൂല്യം കൂടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ്. 2.60 കോടിക്കാണ് ദീപ്തിയെ യു പി വാരിയേഴ്‌സ് കൊത്തിയെടുത്തത്.
അതിനിടെ, ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രിത് കൗറിന് പ്രതീക്ഷിച്ചത്ര ഉയര്‍ന്ന മൂലം ലഭിച്ചില്ല. 1.80 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍മന്‍പ്രിതിനെ വിളിച്ചെടുത്തത്. ഇത് സ്മൃതി മന്ദാനക്ക് ലഭിച്ചതിൻ്റെ പകുതിയോളം മാത്രമാണ് വരുന്നത്.
ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള ടി20 മത്സരത്തില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യയെ വിജയ തീരത്തെത്തിച്ച ജെമിമ റോഡ്രിഗ്രസിന് 2.20 കോടി രൂപ ലഭിച്ചു. ഡെല്‍ഹി കാപിറ്റല്‍സ് ആണ് ജെമിമ റോഡ്രിഗ്രസിനെ ടീമിലെടുത്തത്.
ഇന്ത്യന്‍ ഓപണറും അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച നായിക ശഫാലി വര്‍മക്കും മിന്നും വിലയാണ് താര ലേലത്തില്‍ ലഭിച്ചത്. ജെമിമ റോഡ്രിഗ്രസിന് പുറമെ ശഫാലി വര്‍മയെയും പാളയത്തിലെത്തിച്ചത് ഡെല്‍ഹി കാപിറ്റല്‍സാണ്. രണ്ട് കോടിയാണ് ശഫാലിക്ക് ലഭിച്ചത്.
ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ ആശ്‌ലി ഗാര്‍ഡ്‌നര്‍ ആണ് ഏറ്റവും കൂടുതല്‍ തുകക്ക് വിളിച്ചെടുക്കപ്പെട്ട വിദേശ താരം. 3.20 കോടിക്കാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയ്ന്റ്‌സ് ടീമിലെടുത്തത്.
1.70 കോടിക്ക് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെരിയെയും 50 ലക്ഷത്തിന് ന്യുസിലാന്‍ഡ് നായിക സോഫിയ ഡിവൈനിനെയും റോയല്‍ ചലഞ്ചേഴ്‌സ് വിളിച്ചെടുത്തു.