Kerala
തിരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു; ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് പോലെയാണ് സിപിഎമ്മിന്റെ മദ്യനയം : കെ സുധാകരന്‍
ടൂറിസം വകുപ്പിനെതിരെയും അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം
കണ്ണൂര്‍ | ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് പോലെയാണ് സിപിഎമ്മിന്റെ മദ്യനയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിച്ചത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെതിരെയും അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്‍കിട പദ്ധതികള്‍ നല്‍കി കമ്പനികളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടായി കമ്മീഷന്‍ വാങ്ങുകയും വിസമ്മതിച്ചവരെ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് കേസില്‍ കുടുക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മോദിയില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയന്‍ മദ്യനയത്തിലൂടെ കേരളത്തില്‍ ഇത് നടപ്പാക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു. പണം നല്‍കാത്തവരെ കള്ളക്കേസില്‍ കുടുക്കി. ഇത് സംബന്ധിച്ച് ബാറുടമകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് തിരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളില്‍ നിന്ന് പണം പിടിച്ചെടുത്തതെന്ന് ബാറുടമകളുടെ പരാതിയിലുണ്ട്. ഇത് കൂടാതെ വീണ്ടും രണ്ടര ലക്ഷം രൂപ വീതം പിരിച്ചു. എന്നാല്‍ ഇതിലൊന്നും അന്വേഷിക്കാതെ ബാറുടമകളുടെ ഗ്രൂപ്പിലെ ഓഡിയോ പുറത്ത് പോയതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.
സത്യസന്ധമായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീളുമെന്നുള്ള ഭയം ഉള്ളത് കൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‌ന്റെ മകന് നോട്ടീസയച്ചത്. ടൂറിസം മന്ത്രി നേരിട്ടാണ് അഴിമതി നടത്തിയതെന്നും സുധാകരന്‍ ആരോപിച്ചു.