Kerala
പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ടിന് സമീപം കുരിശ് സ്ഥാപിച്ചു
ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിര്‍മാണം

ഇടുക്കി|ഇടുക്കിയിലെ പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ടിന് സമീപം കുരിശ് സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിര്‍മാണം. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോര്‍ട്ടിന് സമീപം കുരിശ് പണിതത്. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപകമായി ഭൂമി കയ്യേറ്റമുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പീരുമേട് മഞ്ചുമല വില്ലേജുകളില്‍ സര്‍വേ നമ്പര്‍ മാറി പട്ടയം നല്‍കിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്ററുകളില്‍ പലതും കാണാനില്ലെന്ന കണ്ടെത്തലുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കയ്യേറിയത് ഇടുക്കി ജില്ലയിലാണ്. ഹൈറേഞ്ച് സര്‍ക്കിളില്‍ മാത്രം 1998 ഹെക്ടര്‍ സ്ഥലത്ത് കയ്യേറ്റമുണ്ടെന്നും വനം വകുപ്പിന്റെ 2021-22 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടിലും പറയുന്നു.
പരുന്തും പാറയിലെ ഭൂമി കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന് പിന്നാലെ വനം വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു. കോട്ടയം ഡിഎഫ്ഒ എല്‍ രാജേഷിനാണ് അന്വേഷണച്ചുമതല.