Connect with us

Story

അതിർത്തിയും കടന്ന്...

മഞ്ഞലോഹങ്ങളുടെ മായക്കാഴ്ചയിൽ രത്ന പുഞ്ചിരിച്ചുകൊണ്ടിരുന്നപ്പോൾ മദ്യത്തേക്കാൾ ലഹരി ലോകത്ത് പലതിനുമുണ്ടെന്ന് രാമനാഥൻ കണ്ടെത്തി. ചേച്ചിക്ക് വേണ്ടത് എടുത്തോളൂ... ഇന്ന് വമ്പിച്ച ഓഫറാണ്. വിവിധ തരം കമ്മലുകളുടെ അളുക്ക് അവളുടെ മുന്നിലേക്ക് നീക്കിവെച്ച് കൊണ്ട് സെയിൽസ്മാൻ പറഞ്ഞു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവൾ പണിപ്പെടുന്നതു പോലെ തോന്നി.

Published

|

Last Updated

വേനൽച്ചൂട് പൊള്ളിച്ച മേൽക്കൂരക്ക് ചോട്ടിലിരുന്ന് ജോസഫ് നൽകിയ പൈസയോടൊപ്പം നാളെ കൊടുത്തു തീർക്കാനുള്ള കടങ്ങളുടെ നിഘണ്ടു എഴുതിക്കൊണ്ടിരിക്കുമ്പോൾ രാമനാഥന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉരുണ്ട് വീണ് കടങ്ങളുടെ മീതെ പരന്നു കിടന്നു. ആരും പരിഗണിക്കാനില്ലാത്ത നീർത്തുള്ളിയെ അയാൾ വിരൽത്തുമ്പ് കൊണ്ട് തട്ടിക്കുടഞ്ഞു. പൈസയും ലിസ്റ്റുമടങ്ങിയ കവർ മേശക്കുള്ളിൽ നിക്ഷേപിച്ച ശേഷം വളരെ നാളായി കുഴഞ്ഞ് മറിഞ്ഞ് കെട്ടിക്കിടന്നിരുന്ന ദീർഘനിശ്വാസത്തെ രാമനാഥൻ പതിയെ പുറത്തേക്ക് വിട്ടു.
രത്ന ഇനിയും ഉറങ്ങാൻ വന്നിട്ടില്ല. ബലപ്പെടുത്താൻ ശ്രമിക്കുന്തോറും ഇഴയറ്റു പോകുന്ന കട്ടിലിലെ ചുളിവില്ലാത്ത വിരിപരപ്പിലേക്ക് അയാൾ കിടന്നു.

കുറച്ചു ദിവസങ്ങളായുള്ള അവളുടെ പരാതിക്ക് ഇപ്പോഴാണ് പരിഹാരം കണ്ടെത്താൻ സാധിച്ചത്. നാളെയെങ്കിലും രത്നയുടെ തേച്ചു മോറി തിളങ്ങിയ മുഖം കാണാമല്ലോ എന്ന സ്വാസ്ഥ്യം അയാളുടെ ഉൾച്ചൂടിനെ തണുപ്പിച്ചു. അവശത പിടിച്ച ചിന്തകൾക്കിടയിൽ അതിഥിയായ് മാത്രം വന്ന ഉറക്കത്തെ കൺപോളകൾക്കിടയിലേക്ക് വിളിച്ചുകയറ്റി ഇടതൂർന്ന പീലികൾ കൊണ്ട് രാമനാഥൻ പുതപ്പിച്ചുറക്കി.

പിറ്റേന്ന് പുലർച്ചെ പതിവിനു വിപരീതമായി രത്ന നൽകിയ പുഞ്ചിരിയിട്ട ചായയിൽ അന്നത്തെ ദിവസം ഉന്മേഷത്തോട് കൂടി രാമനാഥനോടൊപ്പം ഒരുങ്ങിയിറങ്ങി.
“ആശുപത്രിയിൽ പോയി അമ്മയെ കണ്ട് വന്ന ശേഷം നമുക്കിറങ്ങാം. ഒട്ടും വൈകില്ല. പന്ത്രണ്ട് മണി. നീ റെഡിയായി നിന്നോളു.’ ചിരിക്കാൻ ശ്രമിച്ച് തെല്ല് പരാജയപ്പെട്ട മുഖത്തോടെ ചെരുപ്പുകൾ കാലിലേക്ക് വലിച്ചു കയറ്റുന്നതിനിടയിൽ അയാൾ രത്നയോട് പറഞ്ഞു.

തന്റെ ആത്മവിശ്വാസം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്ന് ചുരുളഴിയുന്ന നാടകത്തിലെങ്കിലും അബദ്ധം പറ്റാതെ നോക്കണം. രാമനാഥൻ നടന്നു. സമൂഹത്തിന്റെ തിരക്കുകളിലേക്ക് നടന്ന് ഉഷ്ണിക്കുമ്പോൾ റോഡൊരു വിഷബാധയേറ്റ കറുത്ത നദി പോലെ അയാൾക്കു മുന്നിലിഴഞ്ഞു. ഇരുചക്രവാഹനത്തിന്റെ പരമാവധി വേഗതയിൽ രാമനാഥൻ അമ്മ കിടന്നിരുന്ന ആശുപത്രിയിലെത്തി.

മൂന്ന് പൊതികളിലായി വാങ്ങിയ ഓറഞ്ചും, മുന്തിരിയും, ആപ്പിളും മേശമേൽ വെച്ചപ്പോൾ അമ്മ അത്ഭുതത്തോടെ നോക്കി. അടുത്ത് ചെന്നിരുന്നപ്പോൾ പഞ്ഞിച്ചൂടുള്ള ഒരു കൈ തന്റെ വിരലുകളെ വിറയലോടെ പരതുന്നത് അയാളറിഞ്ഞു.

മോന് ശമ്പളം കിട്ടിയോ?

അമ്മയോട് നുണ പറയാൻ തോന്നിയില്ല.

ഇല്ലമ്മേ..

സ്പാർക്കിന്റെ കുരുക്കിൽ മൂന്ന് മാസമായി അകപ്പെട്ടുകിടന്ന തന്റെ ശമ്പളത്തെ കുറിച്ചാണ് അമ്മയുടെ ചോദ്യം.

ആശുപത്രി ചിലവുകൾക്കുള്ള തുക പെങ്ങളെ ഏൽപ്പിച്ച് മടങ്ങുമ്പോൾ ശമ്പളത്തോടൊപ്പം കുരുങ്ങിപ്പോയ തന്റെ ജീവിതത്തിന്റ ബില്ലും ആരെങ്കിലും ഒപ്പിട്ട് പാസ്സാക്കിയിരുന്നെങ്കിൽ
എന്ന് അയാൾ ഓർത്തു.

കാൽനടക്കാർ അപഹരിച്ച കിളിയൊച്ചകളില്ലാത്ത മരത്തണലിനു താഴെ സ്കൂട്ടി ഒതുക്കി
രാമനാഥൻ കടയിലേക്ക് കയറി.

സ്ത്രീകൾക്ക് വേണ്ടി മാത്രം തുറക്കപ്പെടുന്ന ഇത്തരം കടകൾ ചില സമയങ്ങളിലെങ്കിലും
പുരുഷൻമാർക്കും വേണ്ടത്ര സമാധാനം കൊടുക്കുമെന്ന് അന്നയാൾക്കു തോന്നി.
മറ്റാരും തന്നെ കാണരുതേ എന്ന പ്രാർത്ഥനയിൽ ചൂളിച്ചുരുങ്ങി രാമനാഥൻ കടക്കാരനോട് ചോദിച്ചു.

സാധനം റെഡിയായോ?

സാർ , ഒരു മിനിറ്റ്.

മേശവലിപ്പിൽ നിന്നും ഒരു ചുവന്ന ബോക്സ് വലിച്ചെടുത്ത് തുറന്നു കൊണ്ട് കടക്കാരൻ പറഞ്ഞു.
പാകമാണോന്ന് നോക്കൂ സർ,

പാകത്തിലൊന്നും വല്ല്യ കഥേല്ലടോ, ഗ്യാരണ്ടി ഉറപ്പിക്കാലോ അല്ലെ ? രാമനാഥൻ മുഖമുയർത്തി.
തീർച്ചയായും സർ.

ആത്മവിശ്വാസത്തോടെയുള്ള അയാളുടെ വാക്കുകൾ രാമനാഥനെ സമാധാനിപ്പിച്ചു.
സമയം പതിനൊന്ന് മണിയാകുന്നു.
പോകുന്ന വഴി പലചരക്കുകടയിൽ കയറി. രണ്ട് മാസമായി കൊടുക്കാൻ ബാക്കി നിന്നിരുന്ന പൈസ കൊടുത്തപ്പോൾ ദിവാകരനും ചോദിച്ചു.

ശമ്പളം കിട്ടിയോ സർ?

മറുപടി പറഞ്ഞില്ല.

ഈ ചോദ്യം അവളൊരിക്കലെങ്കിലും ചോദിച്ചിരുന്നെങ്കിൽ തന്റെ രക്തസമ്മർദം മുപ്പതുകളിലെപ്പോലെ ഈ പ്രായത്തിലും തുടരുമായിരുന്നു. മുടിയിഴകൾ വസ്ത്രമൂരി നഗ്നരാകില്ലായിരുന്നു.

രത്ന ഇപ്പോൾ കുളിച്ചൊരുങ്ങാൻ തുടങ്ങിയിട്ടുണ്ടാകും. നേരത്ത് എത്തണം. പുറത്തേക്ക് ഒരുമിച്ചിറങ്ങുമ്പോൾ ഇന്നെങ്കിലും അവളുടെ കൈ തന്റെ പനിക്കുന്ന ശരീരത്തിന് മേൽ ചുറ്റിപ്പിടിക്കണം. വീടിനടുത്ത് വണ്ടിയൊതുക്കിയപ്പോൾ രാമനാഥനു ദാഹിച്ചു. എങ്കിലും രത്ന പതിവിലേറെ സന്തോഷത്തിൽ ഉടുത്തൊരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഒട്ടും വൈകാതെ അവളെയും കൊണ്ട് അയാൾ നഗരത്തിലെ സുഹൃത്തിന്റെ കടയിലേക്ക് പുറപ്പെട്ടു. ജുവലറിയിലേക്ക് കയറിയപ്പോൾ സന്തോഷം തിന്നതുകൊണ്ടായിരിക്കാം
അവളുടെ ചുണ്ട് ചിരിച്ച് പകുതി തുറന്നിരുന്നു.

മഞ്ഞലോഹങ്ങളുടെ മായക്കാഴ്ചയിൽ രത്ന പുഞ്ചിരിച്ചുകൊണ്ടിരുന്നപ്പോൾ
മദ്യത്തേക്കാൾ ലഹരി ലോകത്ത് പലതിനുമുണ്ടെന്ന് രാമനാഥൻ കണ്ടെത്തി.
ചേച്ചിക്ക് വേണ്ടത് എടുത്തോളൂ…

ഇന്ന് വമ്പിച്ച ഓഫറാണ്. വിവിധ തരം കമ്മലുകളുടെ അളുക്ക് അവളുടെ മുന്നിലേക്ക് നീക്കിവെച്ച് കൊണ്ട് സെയിൽസ്മാൻ പറഞ്ഞു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവൾ പണിപ്പെടുന്നതു പോലെ തോന്നി.
രാമേട്ടൻ പറയൂന്നേ…., ഏതാ എടുക്കേണ്ടത്? മറുപടി പറഞ്ഞില്ലെങ്കിൽ വിളിയിലുള്ള മധുരം തീർന്നുപോകുമോ എന്നോർത്തയാൾ രണ്ട് ചെറിയ കമ്മലിനു നേർക്ക് കൈ ചൂണ്ടി.
അതിട്ടാൽ കാണാനുണ്ടോ?
എനിക്കിതുമതി. രണ്ട് വലിയ ജിമുക്കകൾ അവൾ സെയിൽസ് മാനെ ഏൽപ്പിച്ചു.
ശേഷം വെയിറ്റിംഗ് റൂമിലിരുന്ന് ആവി പറക്കുന്ന ഒരു കപ്പ് കാപ്പി ഭയത്തോടെ ഊതിക്കുടിക്കുമ്പോൾ രത്നയുടെ ഫോൺ ശബ്ദിച്ചു.
ആ… രമേ ഞാൻ സുവർണേലാ…
അക്ഷയതൃദീയ ആയതോണ്ട് സ്വർണമെടുക്കണംന്ന് രാമേട്ടന് ഒരേ നിർബന്ധം. എന്നാൽ മാത്രമെ ഐശ്വര്യമുണ്ടാവൂന്ന്.

പിന്നെ ഞാനങ്ങ് സമ്മതിച്ചു. വന്നിട്ട് കാണാട്ടോ…. ഒരു കുടുംബ കലഹം കൂടി മനസ്സിൽ കണ്ട രാമനാഥൻ ഭാര്യയോട് ഫോൺ സംസാരം നിർത്തി വരാൻ ആംഗ്യം കാണിച്ചു.
ബിൽ സെക്്ഷനിൽ തിരക്കാണ്‌. സമയമെടുക്കും. നീ പോയി ഒരു സാരി എടുത്തോ. ഭർത്താവിന്റെ പെട്ടെന്നുള്ള സ്നേഹത്തിൽ രത്നക്ക് അതിശയം തോന്നിയെങ്കിലും ഒട്ടും മടിക്കാതെ രാമനാഥൻ നൽകിയ നോട്ടുകൾ രത്ന വാങ്ങി.
കഴിയുമ്പോ വിളിച്ചാൽ മതി.
അയാൾ പറഞ്ഞു.
ചുറ്റുപാടും ഇളിച്ചുനോക്കുന്ന മഞ്ഞലോഹങ്ങൾക്കിടയിൽക്കൂടി നടന്ന് ബിൽ സെക്്ഷനിലെ സി സി ടി വിക്കു മുന്നിലിരുന്ന ആത്മാർഥ സുഹൃത്തിന്റെ അടുത്തെത്തിയപ്പോൾ അതൃപ്തിയുടെ ചെറിയ രോഷപ്രകടനങ്ങൾ രാമനാഥനിൽ നിന്നും പുറപ്പെട്ടു.

ജോസഫെ, രണ്ട് ഗ്രാം മാത്രമുള്ള കമ്മലുകൾ മാത്രമെ കാണിക്കാവൂ എന്നൊറ്റ ഉറപ്പിൻമേലാണ് ഞാൻ നിന്റെ കടയിൽ തന്നെ വന്ന് കച്ചവടമുറപ്പിച്ചത്. ഇതിപ്പോ അരപ്പവന്റെ ജിമുക്കയാണ്.
അതിനിപ്പോ എന്തു പറ്റി രാമാ?

നിന്റെ മോതിരം ഒരു പവനടുത്തുണ്ട്.

ഇന്നലെ നീ പറഞ്ഞ പൈസ മുഴുവൻ ഞാൻ മുൻകൂർ തന്നില്ലെ. ആശുപത്രിയിലെ കാര്യങ്ങളൊക്കെ നടന്നില്ലെ. ഇന്നത്തെ ഓഫറും കഴിഞ്ഞ് ബാക്കി നല്ലൊരു തുക തനിക്ക് കീശേൽ വയ്ക്കാൻ കിട്ടൂടോ. താനൊരു പുരോഗമന വാദിയായിട്ടും ഇത്തരം ആചാരങ്ങൾക്ക് കൂട്ടുനിൽക്കുന്നുണ്ടല്ലോടോ, മനുഷ്യനെ സ്വൈര്യം കെടുത്താൻ.

അതിർത്തികൾ കടന്നുവന്ന ഇത്തരം ആചാരങ്ങളാടോ ഞങ്ങളെ പോലുള്ള കച്ചവടക്കാരുടെ
കീശ വീർപ്പിക്കുന്നത്.

ആ, താൻ മോതിരം ഊര്..

കുറെ നാളായി അർഥം നിലച്ച ശൂന്യതയുടെ ഒരു വളയം മാത്രമാണ് താനിപ്പോൾ വിൽക്കുന്നത് എന്ന് മനസ്സിനെ വീണ്ടും പറഞ്ഞ് പഠിപ്പിച്ചുകൊണ്ട് വിവാഹമോതിരം ഊരി ജോസഫിനു കൊടുത്തപ്പോൾ ഹൃദയം വല്ലാതുലയുന്നത് രാമനാഥനറിഞ്ഞു.
ചങ്കു നീറുന്ന നൊമ്പരത്തെ വകവെക്കാതെ രാമനാഥനെണീറ്റ് വേനൽ വരൾച്ചയിലെ
മുഖം കലിപ്പിച്ചു നിന്ന പകലിലേക്കിറങ്ങി നടന്ന് അയാൾ വഴിയോരത്തെ കണ്ണടകൾ വിൽക്കുന്ന കടയിലെത്തി.

എന്താ സർ വേണ്ടത്?
എനിക്ക് മുരുകൻ കാട്ടാക്കടയുടെ
ഒരു കണ്ണട വേണം. അന്ധാളിച്ചു നിൽക്കുന്ന
വിൽപ്പനക്കാരന്റെ മുഖത്തേക്ക് നോക്കി രാമനാഥൻ വീണ്ടും ആവശ്യപ്പെട്ടു. കണ്ണട തരൂ….

nishaantony2683@gmail.com