From the print
കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടും കിരീടം; തൃശൂരിനിത് മധുരപ്രതികാരം
1969, 1970, 1994, 1996, 1999 വര്‍ഷങ്ങളില്‍ കലാകിരീടം നേടിയ ജില്ല ഇത് അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവില്‍ ഒന്നാമതെത്തുന്നത്.
തിരുവനന്തപുരം | സ്വര്‍ണക്കപ്പിനായുള്ള കലാശപ്പോരില്‍ തലസ്ഥാനത്ത് തൃശൂരിന്റെ മധുര പ്രതികാരം. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലയുടെ കിരീട നേട്ടം. കനത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെയും കണ്ണൂരിനെയും മറികടന്നാണ് തൃശൂര്‍ ഒന്നാമതെത്തിയത്. 1969, 1970, 1994, 1996, 1999 വര്‍ഷങ്ങളില്‍ കലാകിരീടം നേടിയ ജില്ല ഇത് അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവില്‍ ഒന്നാമതെത്തുന്നത്. കലോത്സവത്തിന് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ 1986ല്‍ തൃശൂരായിരുന്നു കലോത്സവ വേദി. അന്ന് കപ്പ് സ്വന്തമാക്കിയതാകട്ടെ തിരുവനന്തപുരവും. ഇത്തവണ തിരുവനന്തപുരത്ത് വന്ന് കിരീടം വാങ്ങുമ്പോള്‍ തൃശൂരിന് അതൊരു മധുരപ്രതികാരം കൂടിയായി മാറി.
771 കുട്ടികളുമായി എത്തിയ ജില്ല 1,008 പോയിന്റുകള്‍ സ്വന്തമാക്കിയാണ് മുന്നേറ്റം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ കൊല്ലത്ത് നാലാം സ്ഥാനത്തായിരുന്നു.
തൃശൂരും കണ്ണൂരുമുയര്‍ത്തിയ വെല്ലുവിളിയില്‍ കണ്ണൂരിനെ മറികടന്നാണ് പാലക്കാട് 63ാം സ്‌കൂള്‍ കലോത്സവത്തില്‍ റണ്ണേഴ്‌സ് അപ്പായത്. എല്ലാ തവണയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള പാലക്കാടന്‍ പ്രതിഭകള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 1,007 പോയിന്റ് നേടിയ ടീം വെറും ഒരു പോയിന്റിന് മാത്രമാണ് കിരീടം നഷ്ടപ്പെടുത്തിയത്. പോയിന്റ് നിലയില്‍ ആദ്യം നാലാമതായിരുന്ന പാലക്കാട് അവസാന ലാപ്പിലാണ് ആദ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചു കയറിയത്.
ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം സ്‌കൂള്‍ ആയിരുന്നു ഇത്തവണയും പാലക്കാടിന്റെ കരുത്ത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌നേടിയത് ഗുരുകുലം സ്‌കൂളാണ്. അവസാന നിമിഷം വരെ പോരാട്ടത്തില്‍ മുന്നില്‍ നിന്നാണ് മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ കണ്ണൂര്‍ മൂന്നാമതെത്തിയത്. 780 പ്രതിഭകള്‍ മത്സരിച്ചപ്പോള്‍ ജില്ല 1,003 പോയിന്റുകള്‍ നേടി.
കഴിഞ്ഞ തവണ രണ്ടാമതായ കോഴിക്കോട് പ്രതീക്ഷ സമ്മാനിച്ചെങ്കിലും പോരാട്ടച്ചൂടില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം ദിനം വരെ രണ്ടാം സ്ഥാനത്ത് പിടിച്ചുനിന്നെങ്കിലും നാലാം ദിനം വിട്ടുകൊടുക്കേണ്ടിവന്നത് ടീമിന് നിരാശ സമ്മാനിച്ചു. ഇത്തവണ ഏറ്റവുമധികം മത്സരാര്‍ഥികള്‍ പങ്കെടുത്തതും കോഴിക്കോട് ജില്ലയില്‍ നിന്നാണ്. ആതിഥേയരായ തിരുവനന്തപുരം ഇത്തവണ 958 പോയിന്റ്‌നേടി എട്ടാം സ്ഥാനത്തായി.