Connect with us

Uae

പ്രവാചക സ്നേഹികള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീടാവകാശി

പ്രവാചകന്റെ (സ) ആദരണീയമായ ജീവചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭമെന്ന നിലയിലാണ് 'അല്‍ ബദര്‍' പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

ഫുജൈറ | ഫുജൈറ പ്രവാചക സ്നേഹികള്‍ക്കായി ‘അല്‍ ബദര്‍’ എന്ന പേരില്‍ പത്ത് ലക്ഷം ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി. സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതില്‍ മുഹമ്മദ് നബി (സ) യുടെ ജീവചരിത്രത്തിന്റെ മൂല്യങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി വിശദീകരിച്ചു. പ്രവാചകരുടെ ജീവചരിത്രം പഠിക്കുകയും അവിടുന്ന് കാണിച്ച മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാനുള്ള, യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ അവാര്‍ഡ് പ്രഖാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തില്‍, പ്രവാചകന്റെ (സ) ആദരണീയമായ ജീവചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭമെന്ന നിലയിലാണ് ‘അല്‍ ബദര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ നടക്കുന്ന നിരവധി സംരംഭങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍ തുടങ്ങിയവക്കുള്ള ആഗോള ബഹുമുഖ വേദിയായി അല്‍ ബദര്‍ പ്രവര്‍ത്തിക്കും. മുഹമ്മദ് നബി (സ)യെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍ക്കും കലാ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ മേഖലകളില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ബിനാലെ അവാര്‍ഡ് ആയിരിക്കും അല്‍ ബദര്‍. കവിത, ചിത്രരചന, കാലിഗ്രാഫി, മള്‍ട്ടിമീഡിയ എന്നീ വിഭാഗങ്ങളിലാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കുക.

 

 

 

Latest