International
സൈനിക കാര്യങ്ങളില്‍ നിര്‍ണായക ചര്‍ച്ച; യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും
സാങ്കേതിക വിദ്യകളില്‍ യു എസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ചര്‍ച്ചകള്‍ക്കായാണ് ജേക്ക് സള്ളിവന്റെ വരവ്.
ന്യൂയോര്‍ക്ക് | നിര്‍ണായക ചര്‍ച്ചകള്‍ക്കായി യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സാങ്കേതിക വിദ്യകളില്‍ യു എസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ചര്‍ച്ചകള്‍ക്കായാണ് ജേക്ക് സള്ളിവന്റെ വരവ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായാണ് സള്ളിവന്‍ ഇന്ത്യയിലെത്തുന്നത്.
യു എസിലെ ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ളവരും സള്ളിവന്റെ നേതൃത്വത്തിലുള്ള യു എസ് പ്രതിനിധി സംഘത്തിലുണ്ടാകും. നിര്‍ണായക സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 2023 ജനുവരിയില്‍ വാഷിംഗ്ടണില്‍ സംരംഭം ആരംഭിച്ചതിനു ശേഷമുള്ള ചര്‍ച്ചകളുടെ മൂന്നാം പതിപ്പാണ് നടക്കാനിരിക്കുന്നത്.
ചൈനീസ് അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്ക, സിവിലിയന്‍ ആണവ സഹകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം, സൈനിക ലൈസന്‍സിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും സള്ളിവന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ഡല്‍ഹിയിലെ ഐ ഐ ടിയില്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള വിദേശ നയ പ്രസംഗവും സള്ളിവന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.