Business
ക്രൂഡ് ഓയില്‍ വില 116 ഡോളറില്‍; ഇന്ധനവില 25 രൂപ വരെ വര്‍ധിച്ചേക്കും
കഴിഞ്ഞ 120 ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. അസംസ്‌കൃത എണ്ണയുടെ വില ഈ കാലയളവില്‍ ഏകദേശം 70 ശതമാനം വർധിച്ചു
ന്യൂഡല്‍ഹി | റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ കടന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലിറ്ററിന് 25 രൂപയുടെ വരെ വര്‍ധന ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ 120 ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. അതേസമയം അസംസ്‌കൃത എണ്ണയുടെ വില ഈ കാലയളവില്‍ ഏകദേശം 70 ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇപ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് വരും. ഇതോടെ അടുത്തയാഴ്ച മുതല്‍ തന്നെ എണ്ണവില വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.
നവംബര്‍ മൂന്ന് മുതല്‍ ഇന്ധനവിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 116 ഡോളറില്‍ എത്തിക്കഴിഞ്ഞു. നവംബര്‍ മൂന്ന് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 40 ഡോളറില്‍ ഏറെയാണ് വര്‍ധിച്ചത്.
ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വില 20 മുതല്‍ 25 രൂപ വരെ വര്‍ധിച്ചേക്കുമെന്ന് ഐ ഐ എഫ് എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറയുന്നു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 1 ഡോളര്‍ കൂടുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ശരാശരി 55 – 60 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടാവാറുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.