Connect with us

cruelty to wild animals

മൃഗങ്ങളോടുള്ള ക്രൂരത: ശിക്ഷ കടുക്കും

നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം • തദ്ദേശ സ്ഥാപനത്തിനും നടപടിയെടുക്കാം

Published

|

Last Updated

പാലക്കാട് | മൃഗങ്ങൾക്കെതിരെ അതിക്രമം തടയാൻ തദ്ദേശ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കാൻ അധികാരം നൽകുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ 67 ഭേദഗതികൾ കൊണ്ടുവരാനാണ് നീക്കം. മൃഗങ്ങൾക്കെതിരായ അതിക്രമം കർശനമായി തടയുന്നതിനാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.

മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ മൂന്ന് വർഷം തടവും കൊല്ലുകയാണെങ്കിൽ അഞ്ച് വർഷം വരെ തടവും ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൃഗത്തിന്റെ വില കണക്കാക്കി അതിന്റെ മൂന്നിരട്ടി തുക പിഴയായി നൽകണമെന്നും കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം വകുപ്പുകൾ ചേർന്ന് തയ്യാറാക്കിയ ഭേദഗതി ബിൽ പാർലിമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിക്കാനാണ് തീരുമാനം.

പിഴ 50,000- 75,000
ഏതെങ്കിലും ശരീരഭാഗത്തിന് ശാശ്വതമായ കേടുപാടുകളോ ആജീവനാന്ത ശാരീരിക വൈകല്യമോ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രവൃത്തി കൊല്ലുന്നതിന് തുല്യമായി കണക്കാക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗ ഡോക്ടർമാരുമായി കൂടിയാലോചിച്ച് ശിക്ഷ തീരുമാനിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നുണ്ട്. ക്രൂരതക്ക് 50,000 മുതൽ 75,000 വരെ രൂപയാണ് ചുരുങ്ങിയ ശിക്ഷ.

മൃഗത്തിന്റെ ചുമതലയുള്ള വ്യക്തിയുടെ കടമകൾ ബില്ലിൽ അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മൃഗങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കണം. രോഗങ്ങളോ പരുക്കുകളോ സംഭവിച്ചാൽ ചികിത്സ ലഭ്യമാക്കണം. സ്വാതന്ത്രമായി ജീവിക്കാനുള്ള അന്തരീക്ഷം, സുരക്ഷിതമായ സംരക്ഷണം എന്നിവ വളർത്തുന്നവർ നൽകണമെന്നും വ്യവസ്ഥയുണ്ട്.

ദയാവധം തടയും
മാരകമായ രോഗങ്ങളോ രക്ഷപ്പെടാൻ പറ്റാത്തവിധം പരുക്കുകളോ സംഭവിച്ചാൽ ദയാവധം നടത്താനുള്ള അധികാരം നിലവിലെ നിയമത്തിലുണ്ടെങ്കിലും ഭേദഗതിയോടെ അതില്ലാതാകുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഇതോടെ സാധാരണ മരണം സംഭവിക്കുന്നത് വരെ സംരക്ഷിക്കേണ്ടി വരും. ഇത് കൂടുതൽ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കും. നിയമത്തിന്റെ മറവിൽ അധികാര ദുർവിനിയോഗം ചെയ്ത് വ്യക്തികളെ കുടുക്കാനിടയാക്കുമെന്നും ആരോപണമുയരുന്നുണ്ട്.

Latest